യുഎപിഎ കേസിൽ ജാമ്യം തേടി സിദ്ദിഖ് കാപ്പൻ

യുഎപിഎ കേസിൽ ജാമ്യം തേടി മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ മഥുര പ്രത്യേക കോടതിയെ സമീപിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഉത്തർപ്രദേശ് പൊലീസിന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. നുണ പരിശോധനയ്ക്ക് തയാറാണെന്ന് മാർച്ച് നാലിന് കോടതിയെ അറിയിച്ചിരുന്നു. പക്ഷെ, നുണപരിശോധനയിൽ നിന്ന് അന്വേഷണസംഘം പിന്മാറിയെന്ന് സിദ്ദിഖ് കാപ്പൻ, അഡ്വ. വിൽസ് മാത്യൂസ് മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. അറസ്റ്റിലായിട്ട് എട്ടു മാസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സിദ്ദിഖ് കാപ്പൻ, മോശം ആരോഗ്യസ്ഥിതിയെ കുറിച്ചും ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചു.
ഹാത്റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പൻ അടക്കം നാല് പേരെ കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ് അയച്ചിരുന്നു. എയിംസിൽ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയോ അഭിഭാഷകനോ അറിയാതെയായിരുന്നു യുപി പൊലീസിൻ്റെ നീക്കം. കൊവിഡ് നെഗറ്റീവായോ എന്ന് അവർ ഉറപ്പുവരുത്തിയില്ലെന്നും നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു എന്നും കാപ്പൻ്റെ കുടുംബം ആരോപിച്ചു.
Story Highlights: Siddique Kappan seeks bail in UAPA case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here