തിരുവനന്തപുരത്ത് 6 പഞ്ചായത്തുകളെ കൂടി ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളാക്കി

തിരുവനന്തപുരത്ത് രോഗവ്യാപനം കൂടുതലുള്ള 6 പഞ്ചായത്തുകളെ കൂടി ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളാക്കി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളിലുള്ള അഞ്ചുതെങ്ങ്, ബാലരാമപുരം, കരുംകുളം, കുളത്തൂർ, പൂവാർ, പുല്ലമ്പാറ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. നേരത്തെ ടിപിആർ 34 % മുകളിലുള്ള 15 പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിലെ പാർട്ട് ടൈം സ്വീപ്പർ കെ മോഹനകുമാരി കൊവിഡ് ബാധിച്ചു മരിച്ചു. 65 വയസായിരുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്നു നെടുമങ്ങാട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപന തോത് കുറയുന്നതായി ജില്ലാ കളക്ടർ നവജ്യോത് ഖോസ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറയുമ്പോഴും തിരുവനന്തപുരം ജില്ലയിൽ 15 ഓളം പഞ്ചായത്തുകളിൽ ശരാശരി 34 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയായിരുന്ന രോഗ വ്യാപന തോത് കുറയുന്നുവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Story Highlights: 6 more panchayats in critical containment zone in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here