Advertisement

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുന്നു; കേരളം ഹൈക്കോടതിയില്‍

June 2, 2021
Google News 1 minute Read

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് കേരളം ഹൈക്കോടതിയില്‍. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്തത്. എത്രയും വേഗം സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം കാരണം രാജ്യത്ത് വാക്‌സിനുകള്‍ക്ക് വ്യത്യസ്ത വിലകളാണുള്ളത്. കേന്ദ്രം വാക്‌സിന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സംസ്ഥാനം കോടതിയില്‍ ആരോപിച്ചു. ഇതിനിടെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ തയാറാണോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഒരു കാരണവശാലും അത് സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വാക്‌സിന്‍ നയം സംബന്ധിച്ച് കോടതി കേന്ദ്രത്തെ ഇന്നും വിമര്‍ശിച്ചു. സര്‍ക്കാരിന് എന്തുകൊണ്ടാണ് വാക്‌സിന്‍ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് വാക്‌സിന്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്, ലഭ്യതക്കുറവ് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ട്, ഇതെങ്ങനെ സംഭവിക്കുന്നു, വാക്‌സിന്‍ സര്‍ക്കാരിന് നല്‍കാതെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയാണോ എന്ന് കോടതി ചോദിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ഐസിഎആറിനോടും സംസ്ഥാന സര്‍ക്കാരും നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Story Highlights: covid vaccine, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here