ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് ഖത്തറിലെ ജസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരം 2023 എഎഫ്സി ചാമ്പ്യൻഷിപ്പ് യോഗ്യതയ്ക്കും പരിഗണിക്കും. 2019ൽ നടന്ന ആദ്യ പാദത്തിൽ ഖത്തറിനെതിരെ ഇന്ത്യ ഗോൾരഹിത സമനില പിടിച്ചിരുന്നു.
2022 ലോകകപ്പിലേക്ക് ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. ഒമാനെതിരെ ആദ്യം ലീഡ് എടുത്ത ഇന്ത്യ പിന്നീട് പരാജയപ്പെട്ടു. അടുത്ത മത്സരത്തിൽ ഖത്തറിനെതിരെ ഐതിഹാസിക സമനില. പിന്നീട്, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെ സമനില. പിന്നീട് ഒമാനെതിരെ തോൽവി. ഗ്രൂപ്പ് ഇയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 സമനിലയും രണ്ട് തോൽവിയും സഹിതം വെറും 3 പോയിൻ്റാണ് ഇന്ത്യയുടെ സമ്പാദ്യം. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 6 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഖത്തർ ആണ് ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള ഒമാൻ രണ്ടാമതും അത്രതന്നെ മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുള്ള അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിൻ്റെ കരാർ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നീട്ടിനൽകിയിരുന്നു. ഈ വർഷം സെപ്തംബർ വരെയാണ് സ്റ്റിമാച്ചിന് കരാർ നീട്ടിനൽകിയത്. അതേസമയം, കരാർ അവസാനിച്ച ഐസക് ദോരുവിനു പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചിരുന്നു.
Story Highlights: india vs qatar world cup qualifier today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here