മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് ഡോമിനിക്ക സര്‍ക്കാര്‍

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് അയയ്ക്കമെന്ന് ഡോമിനിക്ക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തട്ടിക്കൊണ്ടുവന്നെന്ന ചോക്‌സിയുടെ വാദം ഡോമിനിക്ക പൊലീസ് നിഷേധിച്ചു.
13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുല്‍ ചോക്‌സിക്ക് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡോമനിക്ക ഹൈക്കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചോക്‌സിയെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്ന് ഡോമിനിക്ക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഹുല്‍ ചോക്‌സി ആന്റിഗ്വ പൗരന്‍ ആണെന്നും, ഡോമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നു എന്നും മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകരായ ജസ്റ്റിന്‍ സൈമണ്‍, ജോണ്‍ കാരിങ്ടന്‍ എന്നിവര്‍ വാദിച്ചു.
ഇക്കാര്യം നിഷേധിച്ച ഡോമിനിക്ക പൊലീസ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്‌സിയെ അറസ്റ്റു ചെയ്തതെന്ന് വ്യക്തമാക്കി. ഡോമിനിക്കയിലെ പൊലീസ് കസ്റ്റഡിയില്‍ സുരക്ഷിതനല്ലെന്നും ആന്റിഗ്വയിലേക്ക് പോകാനുള്ള ചെലവ് സ്വയം വഹിക്കാന്‍ തയാറാണെന്നും ചോക്‌സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സിബിഐ, ഇഡി എന്നീ ഏജന്‍സികളില്‍ നിന്നുള്ള നാല് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. ചോക്‌സിയുടെ ആന്റിഗ്വ പൗരത്വം ചോദ്യം ചെയ്തു കൊണ്ടുള്ള നിര്‍ണ്ണായക രേഖകള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Story Highlights: Mehul Choksi Has To Be Deported To India, Dominica Government Tells Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here