മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറില്ല

പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല. ചോക്‌സിയുടെ കേസ് ഡോമിനിക്ക ഹൈക്കോടതി നീട്ടിവച്ചു. മെഹുല്‍ ചോക്‌സിക്ക് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡോമിനിക്ക ഹൈക്കോടതി പരിഗണിക്കെ ചോക്‌സി എങ്ങനെ ഡോമിനിക്കയില്‍ എത്തി എന്നതിന് പൊലീസിന്റെ കൈയില്‍ തെളിവില്ലെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ വാദിച്ചു.
ആന്റിഗ്വയിലേക്ക് തിരിച്ചയക്കണമെന്നാണ് ചോക്‌സിയുടെ ആവശ്യം. മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വന്‍ പൗരത്വം ചോദ്യം ചെയ്തുള്ള രേഖകള്‍ ഇന്ത്യ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ വാദത്തിന് ശേഷം ജസ്റ്റിസ് ബെര്‍നി സ്റ്റീഫന്‍സന്‍ കേസ് മാറ്റിവച്ചു. നിലവില്‍ ചൈന ഫ്രണ്ട്ഷിപ് ആശുപത്രിയിലുള്ള മെഹുല്‍ ചോക്‌സി കേസ് പൂര്‍ത്തിയാകുന്നത് വരെ ഡോമിനിക്ക പൊലീസ് കസ്റ്റഡിയില്‍ തുടരും. ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡോമിനിക്കയിലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചോക്‌സി നല്‍കിയ അപ്പീല്‍ ഈ മാസം പതിനാലിന് പരിഗണിക്കും. ജാമ്യം ലഭിച്ചാല്‍ ചോക്‌സി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന ഡോമിനിക സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. അതേസമയം ചോക്‌സിയെ തിരികെ സ്വീകരിക്കേണ്ടതില്ല എന്നും ഡൊമിനിക്കയില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് കയറ്റി അയക്കാം എന്നും ആന്റിഗ്വ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Story Highlights: mehul choksi, pnb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here