കാടിനുള്ളിലെ ‘റെയിൻബോ വാട്ടർഫോൾ’; ഇത് ഇടുക്കിയിലെ മനോഹര കാഴ്ച

കാനനഭംഗിക്കൊപ്പം ദൃശ്യവിസ്മയം തീർത്ത് ഇടുക്കിയിലെ കീഴാർക്കുത്ത് വെള്ളച്ചാട്ടം. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന കീഴാർക്കുത്ത് പ്രകൃതിസൗന്ദര്യം കൊണ്ടും മുന്നിലാണ്. ജില്ലാ ആസ്ഥാനമായ പൈനാവിനു സമീപത്തു നിന്നു ചെറുചാലുകളായി ആരംഭിക്കുന്ന അരുവി കിലോമീറ്ററുകൾ സഞ്ചരിച്ച് കീഴാർക്കുത്ത് വെള്ളച്ചാട്ടമായി മാറും. വെള്ളച്ചാട്ടങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും അതിൽ ഒരത്ഭുതമായി തോന്നുന്ന ഒന്നാണ് കീഴാർക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
തൊടുപുഴയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ വേളൂർ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കുത്തനെയുള്ള പാറക്കൂട്ടങ്ങളോട് അനുബന്ധിച്ചുള്ള വെള്ളച്ചാട്ടമാണിത്. ഉടുമ്പന്നൂർ പഞ്ചായത്തിലെ മലയിഞ്ചിയിൽ നിന്ന് 8 കിലോമീറ്ററോളം നിബിഡ വനത്തിലൂടെ കാൽനടയായി സഞ്ചരിച്ചാലും അല്ലെങ്കിൽ ഉടുമ്പന്നൂരിൽ നിന്നു വേളൂർ കൂപ്പ് വഴി ജീപ്പിൽ കൈതപ്പാറയിലെത്തി അവിടെ നിന്നു കാൽനടയായി 3 കിലോമീറ്ററോളം വനത്തിലൂടെ താഴേക്ക് ഇറങ്ങിയാലും ഇവിടെയെത്താം.
മലയിഞ്ചിയിൽ നിന്നു പോയാൽ തേക്കിൻ കൂപ്പ് കഴിഞ്ഞ് നിബിഡ വനമേഖല ആരംഭിക്കും. വനത്തിലൂടെ നടക്കാൻ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് കീഴാർക്കുത്ത് സമ്മാനിക്കുന്നത്. റെയിൻബോ വാട്ടർഫോൾ എന്ന പേരിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവർ ഇവിടെ കുളിക്കാനും പാറക്കൂട്ടത്തിൽ ഇറങ്ങാനും ശ്രമിച്ചാൽ അപകടം ക്ഷണിച്ചു വരുത്തുമെന്നും നാട്ടുകാർ മുന്നറിയിപ്പു തരുന്നു.
സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരെ കീഴാർക്കുത്ത് ഒരിക്കലും നിരാശപ്പെടുത്തില്ല. ട്രെക്കിങ്, റോക്ക് ക്ലൈംപിങ്, തുടങ്ങിയ സാഹസിക വിനോദങ്ങൾക്കു പറ്റിയ ഇടമാണു പ്രദേശം. ചിലപ്പോൾ കാട്ടാനക്കൂട്ടങ്ങളെയും കേഴ പോലുള്ള കാട്ടുമൃഗങ്ങളെയും അപൂർവമായി കാണാം. കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യമുണ്ടാകും. തോട്ടപ്പുഴുക്കളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here