Advertisement

സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് 2019; ടി.എം ഹർഷനും സുജയ പാർവതിക്കും പുരസ്കാരം

June 4, 2021
Google News 1 minute Read
tm harshan sujaya parvathy bags state media award 2019

സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ടി. എം ഹർഷന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. റോക്കിംഗ് സ്റ്റാർ എന്ന പേരിൽ ഹരീഷ് ശിവരാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിനാണ് പുരസ്കാരം. സുജയ പാർവതിക്കാണ് മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്കാരം. ട്വന്റിഫോറിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി.

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, സാമൂഹ്യശാക്തീകരണ റിപ്പോർട്ട് എന്നീ വിഭാ​ഗത്തിലാണ് അവാർഡ്. സാമൂഹ്യ ശാക്തീകരണ ടിവി റിപ്പോർട്ടിന് പുതിയതായാണ് അവാർഡ് ഏർപ്പെടുത്തിയത്.

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാമിനാണ് അവാർഡ്. കടക്കെണിയിലാകുന്ന യുവഡോക്ടർമാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാർഡ്. മലയാള മനോരമ ചീഫ് റിപ്പോർട്ടർ എസ്. വി. രാജേഷിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ്. ഊരുവിലക്കിന്റെ വേരുകൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്. ജനയുഗം ഫോട്ടോഗ്രാഫർ വി. എൻ. കൃഷ്ണപ്രകാശിനാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. സമരം എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി. കെ. സുജിത്തിനാണ് മികച്ച കാർട്ടൂണിനുള്ള അവാർഡ്. അച്ഛാദിൻ എന്ന കാർട്ടൂണിനാണ് അവാർഡ് ലഭിച്ചത്. ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളിക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. സാക്ഷരകേരളത്തിലെ ഭർത്തൃബലാത്‌സംഗങ്ങൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്. ടിവി ന്യൂസ് റിപ്പോർട്ടിംഗിനുള്ള അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബിജി തോമസിനാണ്. കട്ടപ്പുറത്താക്കിയ ജീവിതം എന്ന റിപ്പോർട്ടിനാണ് അവാർഡ് ലഭിച്ചത്. വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ സബ് എഡിറ്റർ റിനി രവീന്ദ്രന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്.

ടിവി അഭിമുഖത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജുവിനാണ്. കടലിന്റെ കമാൻഡർ എന്ന പേരിൽ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖത്തിനാണ് അവാർഡ്. സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള അവാർഡ് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രനാണ്. കലാപഭൂമിയിൽ വ്യത്യസ്തയായി ഊർമിള എന്ന വനിത നടത്തുന്ന അംഗൻവാടിയെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ആർത്തവ വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ എം. മനുശങ്കറിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഏറ്റുമുട്ടൽ കവർ ചെയ്ത മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ. വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാർഡ്. ബാണാസുരസാഗർ ഡാമിന്റെ പശ്ചാത്തലത്തിൽ വരണ്ട മണ്ണിനെയും ആർദ്രമായ ഭൂമിയെയും പകർത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം. ഷമീറിന് പ്രത്യേക ജൂറി പരാമാർശം ലഭിച്ചു.

വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള വാർത്ത മികച്ച രീതിയിൽ എഡിറ്റ് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റർ ഷഫീഖ് ഖാനാണ് ടിവി എഡിറ്റിംഗ് അവാർഡ്. ഒരു പക്ഷി ജീവിതത്തെ നാളുകൾ കൊണ്ട് പകർത്തിയ മികവിന് മനോരമ ന്യൂസ് വീഡിയോ എഡിറ്റർ അരുൺ വിൻസെന്റിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

Story Highlights: tm harshan sujaya parvathy bags state media award 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here