കൊടകര കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴല്‍ പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനോട് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹാജരാകുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.
കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ദിപിനെ ചോദ്യം ചെയ്യുന്നത്. കുഴല്‍പ്പണവുമായി തൃശൂരിലെത്തിയ ധര്‍മരാജനുമായി ദിപിന്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇന്നലെ പരാതിക്കാരന്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാളില്‍ നിന്ന് പല നിര്‍ണായക വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കുഴല്‍പ്പണക്കേസില്‍ പങ്കില്ലെന്നാണ് ബിജെപി ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ധർമരാജനും ധനരാജനും കുഴൽപണത്തിന്റ കണ്ണികൾ ആണെന്നാണ് പോലീസ് നൽകുന്ന വിവരം. ഷംജീർ ഇവർക്ക് വേണ്ടി നിരവധി തവണ കുഴൽപണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കവർച്ച കേസിലെ മുഖ്യ പ്രതികളിലൊരാളായ റഷീദിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനായി കോടതിയെ സമീപിച്ച് പ്രത്യേക അനുമതി നേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
Story Highlights: kodakara case, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here