മഞ്ചേശ്വരത്തെ കോഴയാരോപണം; പൊലീസിന്റെ അപേക്ഷ തിരികെ നല്‍കി കോടതി

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നല്‍കിയ അപേക്ഷ തിരികെ നല്‍കി കോടതി. നിയമ തടസ്സമുള്ളതിനാലാണ് കോടതി നടപടി.
2020ലെ ഹൈക്കോടതി റൂളിങ് പ്രകാരം പരാതിക്കാരനാണ് കോടതിയെ നേരിട്ട് സമീപിക്കേണ്ടത്. പൊലീസിന് കോടതിയെ സമീപിക്കാനാവില്ല. പരാതിക്കാരനായ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി.വി.രമേശന്‍ കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കോടതി ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് പരിഗണിക്കും. പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യഷന്‍ കെ.സുരേന്ദ്രനാണ് എതിര്‍ കക്ഷി.
പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തടങ്കലില്‍ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം തുടങ്ങിയതിനാല്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി അനുമതി തേടിയ ശേഷമാകും തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here