Advertisement

രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ മോക്ഡ്രില്‍ നടത്തിയപ്പോള്‍’; ആശുപത്രി ഉടമയുടെ ഓഡിയോ പുറത്ത്

June 8, 2021
Google News 2 minutes Read

ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 22 രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ മോക്ഡ്രില്‍ നടത്തുന്നതിനിടെയെന്ന് ആശുപത്രി ഉടമയായ ഡോക്ടറുടെ ഓഡിയോ സംഭാഷണം പുറത്ത്. ഏപ്രില്‍ 26നാണ് സംഭവം. ഓഡിയോ പുറത്തായതിനെ തുടര്‍ന്ന് ആഗ്ര ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ഉടമ ഡോ. അരിഞ്ജയ് ജെയിനിന്റെ ഓഡിയോയാണ് പുറത്തായത്.

‘രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രിക്ക് പോലും ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മോക്ഡ്രില്‍ നടത്താന്‍ തയ്യാറായത്. അഞ്ച് മിനിറ്റ് ഓക്‌സിജന്‍ വിതരണം നിര്‍ത്തിയാല്‍ ഏതൊക്കെ രോഗികള്‍ അതിജീവിക്കും ആരൊക്കെ മരിക്കും എന്ന് നോക്കാനാണ് മോക്ഡ്രില്‍ നടത്തിയത്. ഏപ്രില്‍ 26ന് രാവിലെ ഏഴിന് ആരും അറിയാതെ ഓക്‌സിജന്‍ വിതരണം നിര്‍ത്തി. തുടര്‍ന്ന് 22 രോഗികളുടെ ശരീരം നീലനിറമാകുകയും അവര്‍ മരിക്കുകയും ചെയ്തു. അതിജീവിച്ച 74 രോഗികളുടെ ബന്ധുക്കളോട് സിലിണ്ടര്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു”- ഡോക്ടറുടെ ഓഡിയോയില്‍ പറയുന്നു.

എന്നാല്‍ ഡോക്ടറുടെ വാദത്തെ തള്ളി ആഗ്ര ജില്ലാ അധികൃതര്‍ രംഗത്തെത്തി. ഏപ്രില്‍ 26,27 തീയതികളില്‍ ഈ ആശുപത്രിയില്‍ ഏഴുപേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നും അത് ഓക്‌സിജന്‍ ക്ഷാമം കാരണമല്ലെന്നും ജില്ല അധികൃതർ പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി ഉടമയും രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഓക്‌സിജന്‍ ക്ഷാമമുണ്ടായാല്‍ നടത്തേണ്ട മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയതെന്നും ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മോക്ഡ്രില്‍ നടത്തിയ അന്ന് 22 രോഗികള്‍ മരിച്ചെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Covid : 22 patients died while oxygen mock drill – Agra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here