മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി
മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. കാണാതായി മൂന്നാം ദിവസമാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തുന്നത്. മണിമല പാലത്തിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള തടയണയിൽ ആണ് മൃതദേഹം ഉയർന്നുവന്നത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേനയ്ക്കു പുറമെ കോട്ടയത്തു നിന്നെത്തിയ മുങ്ങൽ വിദഗ്ദരും പൂഞ്ഞാർ നന്മക്കൂട്ടം പ്രവർത്തകരും മണിമലയാറ്റിൽ തെരച്ചിൽ നടത്തിയിരുന്നു. രാവിലെയെത്തിയ നന്മക്കൂട്ടത്തിലെ പരിശീലനം ലഭിച്ച മുപ്പതോളം പ്രവർത്തകർ വൈകുന്നേരം അഞ്ചു മണിയോടെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.
തിങ്കളാഴ്ച്ച രാവിലെ പത്തു മണിയോടെയാണ് കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. ശക്തമായ അടിയൊഴുക്കുള്ളതും ജലനിരപ്പുയർന്നതും തെരച്ചിൽ ദുഷ്‌കരമാക്കിയിരുന്നു.
ഓഫീസിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ പ്രകാശ് 20 കിലോമീറ്റർ അകലെയുള്ള മണിമല സ്റ്രാൻഡ് വരെ ഓട്ടോറിക്ഷയിൽ എത്തിയശേഷം നടന്ന് പാലത്തിലെത്തി ചെരുപ്പും ബാഗും ഐഡി കാർഡും ഊരിവച്ചശേഷം കൈവരിയിൽ കയറി എടുത്തുചാടുകയായിരുന്നു. പ്രകാശ് മുങ്ങിപ്പൊങ്ങുന്നത് ആദ്യം കണ്ടത് ഈ സമയം ബാങ്കിലേക്കു പോകാനായി അതുവഴി വന്ന സമീപത്തെ ചിക്കൻ കടയിലെ ജീവനക്കാരൻ അസാം സ്വദേശി യാനാസ് ലുഗനാണ്. യാനാസും ഞൊടിയിടയിൽ താഴേക്കു ചാടി.
പലതവണ പ്രകാശിനെ പിടിച്ചെങ്കിലും ശക്തമായ അടിയൊഴുക്കിൽ കൈവിട്ട് പോകുകയായിരുന്നു. കൈ കുഴഞ്ഞതിനെ തുടർന്ന് യാനാസ് നീന്തി ബസ് സ്റ്റാൻഡിന് സമീപത്തെ തിട്ടയിലേക്കു കയറി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here