ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് മന്ത്രി ആര്‍. ബിന്ദു

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്‌സ് തുടങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് തിരക്കിട്ട് സര്‍വകലാശാല ആരംഭിച്ചതെന്നും ശ്രീനാരായണീയരുടെ വൈകാരികത മുതലെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അടിയന്തര പ്രമേയത്തില്‍ കെ.ബാബു കുറ്റപ്പെടുത്തി. സര്‍വകലാശാലക്ക് യുജിസി അംഗീകാരം ലഭിച്ചതാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി ആര്‍. ബിന്ദു മറുപടി പറഞ്ഞു. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ പോര്‍ട്ടല്‍ തുറക്കുന്ന മുറയ്ക്ക് കോഴ്‌സ് വിവരങ്ങള്‍ സമര്‍പ്പിച്ച് അഡ്മിഷന്‍ ആരംഭിക്കും. പോര്‍ട്ടല്‍ തുറക്കാന്‍ വൈകുന്നതാണ് നിലവില്‍ അഡ്മിഷന്‍ ആരംഭിക്കാന്‍ സാധിക്കാത്തതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. നിലവില്‍ മറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടരും എന്നത് നിയമസഭ പാസാക്കിയ നിയമത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായി ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ഭേദഗതി ആലോചിക്കാം എന്ന് മന്ത്രി ആര്‍. ബിന്ദു മറുപടി പറഞ്ഞു. അമ്മിക്കല്ലിന് കാറ്റുപിടിച്ച പോലുള്ള ഈ ഇരിപ്പ് അവസാനിപ്പിക്കണമെന്ന കെ ബാബുവിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് സഭയില്‍ ഭരണപക്ഷം ആവശ്യമുയര്‍ത്തിയത് ബഹളങ്ങള്‍ക്കു കാരണമായി.
Story Highlights: sreenarayana open university ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here