Advertisement

അഭിമാനത്തോടെ വീണ്ടും: 104 വയസുകാരി കൊവിഡ് മുക്തയായി ജീവിതത്തിലേക്ക്

June 11, 2021
Google News 0 minutes Read

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വിൽ ഉൾപ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കൊവിഡിനെ പൊരുതി തോൽപ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവർക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

മേയ് 31നാണ് തളിപ്പറമ്പ് കൊവിഡ് കെയർ സെന്ററിൽ നിന്നും ഓക്സിജൻ കുറഞ്ഞ അവസ്ഥയിൽ ജാനകിയമ്മയെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. കൊവിഡ് നോഡൽ ഓഫീസർ ഡോ. പ്രമോദിന്റെ നേതൃത്വത്തിൽ മെഡിസിൻ, അനസ്തേഷ്യ, പൾമണറി മെഡിസിൻ, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവർ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കൽ കോളജിൽ നിന്നും 105 വയസുകാരിയും നേരത്തെ കൊവിഡ് മുക്തരായിരുന്നു.

ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകൾക്കും, 70 വയസുള്ള മകനും കൊവിഡ് ബാധിച്ചിട്ടില്ല. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് യാത്രയാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here