മലപ്പുറത്തെ നിപ; സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിയ്ക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. 49 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. പ്രദേശത്തുള്ള 6 പേർക്ക് ചെറിയ ലക്ഷണം കണ്ടെത്തി.ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. രോഗ ലക്ഷണമുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ഐസലോഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും വീണാ ജോർജ് വ്യക്തമാക്കി.
Read Also: മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി
രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും.ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ അടക്കം പോയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. സമീപ ജില്ലകളിലും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിൽ ഒരു നഴ്‌സ് നിരീക്ഷണത്തിലാണ്. ഇവരെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
രോഗിയുടെ വീട്ടിൽ വളർത്തു പൂച്ച ചത്തിരുന്നു. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. അതിനിടെ മലപ്പുറത്ത് നടക്കുന്ന സർക്കാരിന്റെ വാർഷികാഘോഷമേള നിർത്തിവയ്ക്കണമെന്ന യുഡിഎഫ് എംഎൽഎമാർ ആവശ്യപ്പെട്ടു.
മാസ്ക് നിർബന്ധമാക്കി മേള നടക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Story Highlights : Nipah in Malappuram; 49 people on contact list, Health Minister Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here