Advertisement

തീച്ചൂളയിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക്; ചേതൻ സക്കരിയ എഴുതുന്ന നാടോടിക്കഥ

June 11, 2021
Google News 1 minute Read
chetan sakariya indian team

“ഐപിഎൽ നിർത്തിവെക്കണമെന്നാണ് പലരും പറയുന്നത്. എന്നാൽ, എനിക്ക് ഐപിഎൽ ആണ് എല്ലാം. അതില്ലെങ്കിൽ എൻ്റെ ജീവിതം ബുദ്ധിമുട്ടിലാവും. എൻ്റെ അമ്മയ്ക്ക് ഒരു കോടിയിൽ എത്ര പൂജ്യമുണ്ടെന്ന് പോലും അറിയില്ല. സ്വന്തമായി വീട് വെക്കുക, കുടുംബത്തെ സഹായിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം.”- ഐപിഎൽ ക്യാമ്പിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മത്സരങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം ഉയർന്നതിനു പിന്നാലെ ചേതൻ സക്കരിയ പറഞ്ഞതാണ് ഇത്.

താരങ്ങളുടെയും ടൂർണമെൻ്റുമായി ബന്ധമുള്ള മറ്റ് അനേകം ആളുകളുടെയും സുരക്ഷയെ കരുതി ഐപിഎൽ നിർത്തിവെക്കുക തന്നെയായിരുന്നു വേണ്ടത്. എന്നാൽ, നമുക്ക് ഒരു നിമിഷം സക്കരിയയെ കേൾക്കാം. കൊവിഡ് കാലം നഷ്ടമാക്കിയ ജോലികൾ, ജീവിക്കാൻ പണമില്ലാതെ ജീവനൊടുക്കിയവർ, പട്ടിണിയിലേക്ക് കൂപ്പുകുത്തിയവർ. മഹാമാരിക്കാലത്ത് മനുഷ്യജീവൻ അനുഭവിച്ച കഷ്ടതകൾ സമാനതകളില്ലാത്തതാണ്. ചേതനെ പരിഗണിച്ചാൽ, പട്ടിണിക്കാലം കടന്ന് ഐപിഎലിലെത്തുകയും കുടുംബം നോക്കേണ്ട ചുമതല ഏറ്റെടുക്കുകയും ചെയ്ത പോരാളിയാണ്. വെറും 23 വയസ്സാണ് ചേതന്.

സൗരാഷ്ട്രക്ക് വേണ്ടി 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നതിനിടെയാണ് സഹോദരൻ ആത്മഹത്യ ചെയ്തത്. ചേതനെ വിവരം വീട്ടുകാർ അറിയിച്ചില്ല. ചേട്ടനാണ് കുടുംബകാര്യങ്ങൾ നോക്കിയിരുന്നത്. തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന, തൻ്റെ കരിയറിനെ ഒരുപാട് പിന്തുണച്ച ചേട്ടൻ ജീവനൊടുക്കിയെന്നത് ചേതന് വളരെ വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു. ഇതിനിടെയാണ് ഐപിഎൽ കരാർ ലഭിക്കുന്നത്. ചേട്ടൻ്റെ കത്തുന്ന ചിതയ്ക്കു മുന്നിൽ നിന്നാണ് ചേതൻ രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയത്.

കളിക്കളത്തിൽ മികച്ച പ്രകടനങ്ങൾ. വേരിയേഷനുകളും പേസുമൊക്കെയുള്ള മികച്ച ഒരു ടി-20 താരമെന്ന് ചേതൻ വളരെ പെട്ടെന്ന് പേരെടുത്തു. ചേട്ടൻ നഷ്ടപ്പെട്ട വേദന മറന്നുകൊണ്ടിരിക്കെ, കൊവിഡ് ബാധിച്ച് പിതാവും മരണപ്പെടുന്നു. അത് ഐപിഎൽ നിർത്തിയതിനു ശേഷമാണ് സംഭവിക്കുന്നത്. 23 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മാസങ്ങളുടെ ഇടവേളയിൽ സഹോദരനെയും പിതാവിനെയും നഷ്ടമാവുന്നത്, അതും അകാലത്തിൽ.

ചേതൻ ഇപ്പോൾ ചെന്നൈയിലാണ്. എം ആർ എഫ് പേസ് ഫൗണ്ടേഷനിൽ. തീച്ചൂളയിലൂടെ നടന്ന് പരിചയിച്ച ചേതന് അപ്പോഴാണ് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. ഓർക്കണം, ഇന്ത്യ എ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത ആളാണ് ചേതൻ. അങ്ങനെയൊരു താരത്തെയാണ് സെലക്ടർമാർ രാജ്യാന്തര ടീമിൽ ഉൾപ്പെടുത്തിയത്. ലെഫ്റ്റ് ആം പേസർമാർ വിരളമായ ഇന്ത്യൻ ടീമിൽ ചേതൻ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്.

Story Highlights: chetan sakariya selected to indian team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here