വിക്കറ്റ് നൽകിയില്ല; സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയർത്തും ഷാക്കിബ് അൽ ഹസൻ: വിഡിയോ

കളിക്കളത്തിൽ അപക്വ പെരുമാറ്റവുമായി ബംഗ്ലാദേശിൻ്റെ ഇതിഹാസ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. അപ്പീൽ ചെയ്തിട്ട് വിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയർത്തുമാണ് ഷാക്കിബ് വിവാദങ്ങളിൽ ഇടം പിടിച്ചത്. രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തിൽ പ്രതികരിച്ചത്. ധാക്ക പ്രീമിയർ ലീഗിനിടെയുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഷാക്കിബ് അമ്പയർമാർക്കെതിരെ കയർക്കുകയും സ്റ്റമ്പ് പിഴുതെറിയുകയും ചെയ്തത്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ക്യാപ്റ്റൻ കൂടിയായ ഷാക്കിബ് പന്തെറിയുന്നതിനിടെയാണ് ആദ്യ സംഭവം ഉണ്ടായത്. ഷാക്കിബിൻ്റെ എൽബിഡബ്ല്യു അപ്പീൽ അമ്പയർ നിരസിച്ചു. ഇതോടെ കുപിതനായ ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ അമ്പയറോട് കയർക്കുകയും സ്റ്റമ്പ് ചവിട്ടിത്തെറിപ്പിക്കുകയ്യുമായിരുന്നു.
മറ്റാരോ പന്തെറിയുന്ന സമയത്താണ് അടുത്ത സംഭവം. അപ്പോഴും അമ്പയർ അപ്പീൽ നിരസിച്ചു. ഫ്രെയിമിലേക്ക് വരുന്ന ഷാക്കിബ് മൂന്ന് സ്റ്റമ്പുകളും പിഴുതെറിയുകയും അമ്പയറോട് കയർക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
Story Highlights: Shakib Al Hasan Shows Immature Behavior On Field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here