യൂറോ കപ്പ്: ലോക ഒന്നാം നമ്പർ ടീം ഇന്നിറങ്ങുന്നു; എതിരാളികൾ റഷ്യ

യൂറോ കപ്പിൽ ബെൽജിയത്തിന് ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ റഷ്യയാണ് എതിരാളികൾ. യൂറോ യോഗ്യതാ മത്സരങ്ങളിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം രണ്ട് തവണയും റഷ്യയെ കീഴ്പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരത്തിലും ബെൽജിയത്തിന് വ്യക്തമായ മുൻതൂക്കമുണ്ട്.
യോഗ്യതാ മത്സരങ്ങളിൽ 40 തവണയാണ് ബെൽജിയം എതിർ ടീമുകളുടെ വലകുലുക്കിയത്. വെറും രണ്ട് ഗോളുകൾ മാത്രമാണ് ലോകകപ്പ് റണ്ണേഴ്സ് അപ്പ് വഴങ്ങിയത്.
പരുക്കേറ്റ മധ്യനിര താരം കെവിൻ ഡി ബ്രുയ്നെ ഈ മത്സരത്തിൽ ബെൽജിയത്തിനായി കളിക്കില്ല. മറ്റൊരു മധ്യനിര താരം ആക്സൽ വിറ്റ്സലും ഈ മത്സരത്തിൽ കളത്തിലിറങ്ങിയേക്കില്ല. സുവർണ തലമുറയുമായി കളത്തിലിറങ്ങുന്ന ബെൽജിയത്തിനായി റൊമേലു ലുക്കാക്കു, തോർഗൻ ഹസാർഡ്, തിബാവ് കോർട്ട്വ, ടോബി അൽഡല്വെറാൾഡ്, ജാൻ വെർതൊംഗൻ, യോരി ടീലെമാൻസ് തുടങ്ങിയവർ ആദ്യ ഇലവനിൽ കളത്തിലിറങ്ങും. എയ്ഡൻ ഹസാർഡ് ബെഞ്ചിലാവും.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലെത്തുക എന്നതാവും റഷ്യയുടെ ലക്ഷ്യം. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ മുന്നേറ്റം യൂറോയിലും തുടരാനാവും റഷ്യയുടെ ശ്രമം. എന്നാൽ, ബെൽജിയത്തിനെതിരെ ഇതുവരെ ഏഴ് കളികളിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിൽ പോലും വിജയിക്കാൻ റഷ്യക്കായില്ല. അഞ്ച് മത്സരങ്ങളിൽ ബെൽജിയം ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
അലക്സാണ്ടർ ഗോളോവിൻ, യൂരി ഷിർകോവ്, റോമൻ സോബ്നിൻ, മരിയോ ഫെർണാണ്ടസ്, ഇഗോർ ദിവെയെവ് തുടങ്ങിയവർ റഷ്യൻ നിരയിൽ കളിക്കും.
Story Highlights: euro cup belgium vs russia today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here