Advertisement

‘ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ

June 12, 2021
Google News 1 minute Read

ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പോരാടുമെന്നും ആയിഷയ്‌ക്കെതിരായ നടപടി ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും സുധാകരൻ പ്രതികരിച്ചു.

ലക്ഷദ്വീപിന് വേണ്ടി കേരളം പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും മോദിയേയും പേരെടുത്ത് വിമർശിക്കാത്ത ഇടതുപക്ഷത്തിനെയും സുധാകരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദരൂപം

അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ നടപടികൾക്കെതിരെയുള്ള പോരാട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കും. സംവിധായികയും ആക്ടിവിസ്റ്റുമായ ആയിഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.

ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യുഎപിഎ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയ്യാറാകാത്തതിൽ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ. സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ആയിഷ സുൽത്താനയ്ക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം.

Story Highlights: K sudhakaran, Aisha sultana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here