Advertisement

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ശരീരത്തിന് കാന്തിക ശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര സ്വദേശി

June 12, 2021
1 minute Read

കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം പനി അല്ലെങ്കിൽ ശരീര വേദന പോലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നതായി പലരും റിപ്പോർട്ട് ചെയ്യുമ്പോൾ, ഒരാൾ തന്റെ ശരീരത്തിന് കാന്തിക ശക്തി ലഭിച്ചെന്നും, തനിക്ക് സൂപ്പർ പവർ ലഭിച്ചുവെന്നുമുള്ള വിചിത്രമായ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അരവിന്ദ് സോനാറാണ് കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നേടിയ ശേഷം തനിക്ക് കാന്തിക ശക്തി ലഭിച്ചുവെന്ന് അവകാശപ്പെട്ടത്. രണ്ട് ഡോസ് വാക്സിൻ കുത്തിവച്ച ശേഷം ലോഹ വസ്തുക്കൾ ശരീരത്തിൽ എളുപ്പത്തിൽ പറ്റിനിൽക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ശരീരത്തിൽ ആദ്യമായി ലോഹവസ്തു ഒട്ടിപ്പിടിച്ചപ്പോൾ വിയർപ്പ് കാരണമാകും എന്നാണ് അരവിന്ദ് കരുതിയത്. തുടർന്ന് കുളിച്ച് വന്നു. എന്നാൽ അപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല. സ്പൂണുകൾ, നാണയങ്ങൾ, ചട്ടുകം എന്നിങ്ങനെ പലതരം വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന വിഡിയോ ചിത്രീകരിക്കുകകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വാക്സീൻ എടുത്തതു മാത്രമാണ് സാധാരണയിൽ നിന്നു വ്യത്യസ്തമായി സമീപ ദിവസങ്ങളിൽ ചെയ്തത്. അതുകൊണ്ടാണ് ഇതിനു കാരണം വാക്സീൻ ആണെന്ന് അരവിന്ദ് വാദിക്കുന്നത്.

ഇത് തെളിയിക്കാൻ അദ്ദേഹം ഒരു വീഡിയോ പോലും ഉണ്ടാക്കി. ഇപ്പോൾ വൈറലായ വീഡിയോയിൽ, അരവിന്ദ് സോനാറിന്റെ ശരീരത്തിൽ ലോഹ വസ്തുക്കൾ എങ്ങനെ പറ്റിനിൽക്കുന്നുവെന്ന് കാണാം. ആദ്യം, അയാൾ കൈകളിലും കഴുത്തിലും പിന്നിലും ചില നാണയങ്ങൾ ഇടുന്നു. ഇതിനുശേഷം, അദ്ദേഹം സ്റ്റീൽ സ്പൂണുകളും ഭാരം കുറഞ്ഞ പ്ലേറ്റുകളും ചേർക്കുന്നു. ലോഹ വസ്തുക്കൾ അയാളുടെ ശരീരത്തിൽ നിന്ന് വീഴാതെ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.

വീഡിയോ വൈറലായതോടെ നാസിക് മുൻസിപ്പൽ കോർപറേഷൻ നിയോഗിച്ച ഒരു ഡോക്ടർ അരവിന്ദിന്റെ വീട്ടിലെത്തി പരിശോധന നടത്തി. കാന്തിക ശക്തിക്ക് കാരണം വാക്സീൻ ആകില്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തണം എന്നുമാണ് ഡോക്ടറുടെ നിലപാട്. നാസിക് മുനിസിപ്പൽ കോർപറേഷൻ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകാതെ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിക്കും.

ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതം ആണെന്നും വാക്സീന്‍ എടുത്താൽ ആരുടെയും ശരീരം കാന്തികമായി മാറില്ലെന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top