കോപ്പ അമേരിക്കയ്ക്ക് നാളെ കിക്കോഫ്; ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ വെനിസ്വേലയെ നേരിടും

കോപ്പ അമേരിക്കയ്ക്ക് നാളെ കിക്കോഫ്. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് ഇക്കുറി കോപ്പ നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ വെനിസ്വേലയെ നേരിടും. നാളെ പുലർച്ചെ 2.30നാണ് മത്സരം. അർജൻ്റീന, കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂർണമെൻ്റാണ് കൊവിഡ് ബാധയെ തുടർന്ന് ബ്രസീലിലേക്ക് മാറ്റിയത്.
ഗംഭീര ഫോമിലുള്ള ബ്രസീൽ വെനിസ്വേലയ്ക്ക് എതിരാളികളേയല്ല എന്നാണ് വിലയിരുത്തൽ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ കളിച്ച ആറെണ്ണത്തിലും ബ്രസീൽ വിജയിച്ചു. പരിശീലകൻ ടിറ്റെയ്ക്ക് കീഴിൽ കുതിപ്പ് തുടരുന്ന ബ്രസീൽ അത് കോപ്പയിലും തുടരാം എന്ന ആത്മവിശ്വാസത്തിലാണ്. 9 തവണയാണ് ബ്രസീൽ കോപ്പ ജേതാക്കളായത്. 27 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 22 തവണ ബ്രസീൽ ജയിച്ചു. 3 മത്സരം സമനിലയിലായപ്പോൾ 2 കളിയിൽ വെനിസ്വേല ജയിച്ചു.
മത്സരത്തിൽ ബ്രസീലിനായി ലിവർപൂൾ സ്ട്രൈക്കർ റോബർട്ടോ ഫെർമീനോ കളിക്കില്ലെന്നാണ് റിപ്പോർട്ട്. മറ്റ് പ്രമുഖ താരങ്ങളൊക്കെ ടീമിലുണ്ടാവും. ആലിസൻ ബെക്കർ, നെയ്മർ, കാസമീറോ, ഗബ്രിയേൽ ജെസൂസ്, വിനീഷ്യസ് ജൂനിയർ തുടങ്ങിയ താരങ്ങൾ ബ്രസീലിനായി ബൂട്ടുകെട്ടും.
വെനിസ്വേല ടീമിൽ റോബർട്ടോ റോസാലസ്, ജൂനിയർ മൊറേനോ, വിൽകെർ ഏഞ്ചൽ, അലക്സാണ്ടർ ഗോൺസാലസ്, ജോസഫ് മാർട്ടിനസ് തുടങ്ങിയവരാണ് കളിക്കുക
Story Highlights: Copa America Brazil Venezuela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here