Advertisement

ഇഷ്ട ഭക്ഷണം അല്ല സുരക്ഷിത ഭക്ഷണം വേണം ശീലമാക്കാൻ

June 13, 2021
Google News 1 minute Read

ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഇഷ്ട ഭക്ഷണത്തേക്കാൾ പ്രാധാന്യം സുരക്ഷിത ഭക്ഷണത്തിനാണ് നൽകേണ്ടത്. സുരക്ഷിത ഭക്ഷണത്തിന്‌ പ്രാധാന്യം നൽകണമെന്നും അത് ശീലമാക്കാൻ ശ്രദ്ധിക്കണമെന്നും ഓർമപ്പെടുത്തി കൊണ്ടാണ് ഇത്തവണത്തെ ഭക്ഷ്യ സുരക്ഷാ ദിനം കടന്ന് വന്നത്.

കൊവിഡിന് മുൻപും പിൻപും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നത് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് മൂലമാണ് കൊവിഡ് ബാധിക്കുന്നതെങ്കിലും സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും. രോഗ പ്രതിരോധ ശേഷി കൂടുതലുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണ്. കൊവിഡിന് ശേഷവും സുരക്ഷിത ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കൊവിഡ് ബാധിച്ചവർക്ക് ആഹാരത്തിന് രുചി തോന്നാത്തതിനാൽ കഴിക്കുന്നത് വളരെ കുറവായിരിക്കും. ഈ അവസ്ഥ മനസ്സിലാക്കി അവര്‍ക്കു നല്ല ഭക്ഷണം പരമാവധി കൊടുക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.

ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ വിതരണക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തതും പാഴ്സൽ പ്രോത്സാഹിപ്പിക്കുന്നതും ഭക്ഷണത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാനാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഹോട്ടലുകളിൽ പരിശോധന നടത്താനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

ഇക്കര്യങ്ങൾ ശ്രദ്ധിക്കാം

വൈറ്റമിൻ എ: പ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും. മഞ്ഞയും ഓറഞ്ചും കലര്‍ന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ഉദാ. മാമ്പഴം, പപ്പായ, കാരറ്റ് തുടങ്ങിയവ.

വൈറ്റമിൻ സി: പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. നാരങ്ങ, ഓറഞ്ച്, മുസംബി തുടങ്ങിയവ.

അയൺ: കൊവിഡ് പ്രതിരോധത്തിൽ ഏറെ പ്രധാനം. ശരീരത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇലക്കറികളും മുട്ടയും മാംസവും ഏറെ കഴിക്കുക.

സെലിനിയം, സിങ്ക്, കോപ്പര്‍: രോഗപ്രതിരോധ ശേഷിക്ക് അത്യുത്തമം. കശുവണ്ടിപ്പരിപ്പ്, ഇലക്കറികള്‍, മീന്‍ എന്നിവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചുക്ക്, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്: ഇവയെല്ലാം കോവിഡ് കാലത്ത് ഏറെ പ്രധാനമാണ്. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഘടകങ്ങള്‍.

ചൂടാക്കൽ ഒഴിവാക്കുക

കൊവിഡും മഴക്കാലവും ഒന്നിച്ചു വന്ന ഈ സമയത്ത് ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രമിക്കുക. ഫ്രിഡ്‌ജിൽ വെച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.

കൊവിഡ് കാലത്തെ പോഷകാഹാരം

ഭക്ഷണത്തില്‍ 55-60 ശതമാനം അന്നജവും 15-20 ശതമാനം പ്രോട്ടീനും 20-25 ശതമാനം കൊഴുപ്പുമാണ് വേണ്ടത്. ഒരു ദിവസം 300-350 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴവര്‍ഗങ്ങളും കഴിക്കുമെന്ന് ഉറപ്പാക്കുക. അതുപോലെ മുട്ട, മത്സ്യം എന്നിവ കൂടുതല്‍ കഴിക്കുന്നതും പ്രോട്ടീൻ വർധിപ്പിക്കാൻ സഹായിക്കും.

ഇന്നത്തെ സുരക്ഷിത ഭക്ഷണം നാളെയുടെ ആരോഗ്യത്തിന്’ എന്നതാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ സന്ദേശം. അതിനാൽ ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here