Advertisement

ആലത്തൂരിൽ കയറിയാൽ കാല് വെട്ടും; രമ്യ ഹരിദാസിന് വധഭീഷണിയെന്ന് പരാതി

June 13, 2021
Google News 0 minutes Read

ആലത്തൂർ എം.പി രമ്യ ഹരിദാസിന് വധഭീഷണിയെന്ന് പരാതി. ആലത്തൂരിലെ സിപിഎം പ്രവർത്തകർക്കെതിരെയാണ് പരാതി നൽകിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. റോഡിൽ തടഞ്ഞു നിർത്തി വധഭീഷണി മുഴക്കിയെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരിൽ കയറിയാൽ തന്റെ കാല് വെട്ടുമെന്നു ഭീഷണിയപ്പെടുത്തിയെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..

ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..

സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു. ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?

ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.

വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here