ക്ലബ് ഹൗസ് ശ്രോതാവായാൽ ജോലി നേടാം; അഞ്ചുകമ്പനികൾ ജീവനക്കാരെ തെരഞ്ഞെടുത്തെത് ക്ലബ്ഹൗസിലൂടെ

ക്ലബ്ഹൗസിലെ സംഭാഷണങ്ങൾ കേൾക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ജോലി നേടാൻ കഴിഞ്ഞാലോ! തമിഴ്‌നാട്ടിൽ നിന്ന് സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെയുള്ള അഞ്ച് കമ്പനികൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത് ക്ലബ്ഹൗസിലൂടെ.
ശനിയാഴ്ചയാണ് ഓഡിയോ സോഷ്യൽ നെറ്റ്‌വർക്കിലൂടെ അഞ്ച് കമ്പനികൾ ഉദ്യോഗാർഥികൾക്കായി തിരച്ചിൽ ആരംഭിച്ചത്. ആദ്യ 15 മിനിറ്റിനുള്ളിൽ നൂറിലധികം ആളുകളാണ് ‘ഗിഗ് ഹൈറിംഗ്’ എന്ന ഗ്രൂപ്പിലേക്ക് കയറിയത്. നൂറിലധികം ജോബ് ഓഫറുകളാണ് ഈ കമ്പനികൾ മുന്നോട്ട് വെച്ചത്.
പലരും ജോലി തേടുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് കമ്പനികൾ പ്രതികരിച്ചു. കമ്പനിയുടെ സ്ഥാപകരും അവരുടെ എച്.ആർ. ജീവനക്കാരും ചേർന്ന് ക്ലബ്ഹൗസിൽ കയറി ജോലി ഒഴിവുകളെ കുറിച്ച് വിവരിക്കുകയായിരുന്നു. ഓഡിയന്സിന് സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാനുള്ള അവസരം അവർ നൽകിയിരുന്നു. ഇതിൽ നിന്ന് താൽപര്യമുള്ളവരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
കൊവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ജോബ് ഫെയറുകളും കാമ്പസ് റിക്രൂട്ട്മെന്റുകളും നടത്താൻ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ടെണ്ടർകട്ട്സ് സി.ഇ.ഒയും സ്ഥാപകനുമായ നിഷാന്ത് ചന്ദ്രൻ പറയുന്നു. അതിനാൽ ക്ലബ് ഹൗസ് എന്ന പുതിയ മാർഗത്തിലൂടെ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ്ഹൗസിലെ ആസ്വാദകർ പൊതുവെ ചെറുപ്പക്കാരായിരിക്കും. സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും മടികാണിക്കാത്ത അത്തരം ചെറുപ്പക്കാരെയാണ് കമ്പനികൾ കൂടുതൽ ലക്ഷ്യം വെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here