കോപ്പ അമേരിക്ക: അർജന്റീനയ്ക്ക് നാളെ ആദ്യ മത്സരം; എതിരാളികൾ ചിലി

കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് നാളെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിൽ കരുത്തരായ ചിലിയാണ് അർജൻ്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് റിയോ ഡീ ജനീറോയിലെ നിൽറ്റൻ സാൻ്റോസ് സ്റ്റേഡിയത്തിലാണ് മത്സരം. ചിരവൈരികളായ ബ്രസീൽ ആദ്യ കളിയിൽ വെനിസ്വേലയെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയതുകൊണ്ട് തന്നെ അർജൻ്റീനയക്ക് ജയത്തോടെ തുടങ്ങേണ്ടതുണ്ട്.
14 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് അർജൻ്റീനയുടെ കുതിപ്പ്. പക്ഷേ, കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും സമനില ആയത് മെസിയ്ക്കും കൂട്ടർക്കും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ചിലിക്കെതിരെയും യോഗ്യതാ മത്സരങ്ങളിൽ കളിച്ചിരുന്നു. കളിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. എങ്കിലും ലയണൽ സ്കലോണിക്ക് കീഴിൽ പ്രകടനം മെച്ചപ്പെടുത്തിയ അർജൻ്റീനയ്ക്ക് തന്നെയാണ് കളിയിൽ മുൻതൂക്കം. രണ്ട് തവണ അർജൻ്റീനയുടെ കോപ്പ മോഹങ്ങൾ വഴിമുടക്കിയ ടീം എന്ന നിലയിൽ അർജൻ്റീനയ്ക്ക് കൂടുതൽ ജാഗ്രതയോടെ ഈ കളിയെ സമീപിക്കേണ്ടെതുണ്ട്.
മികച്ച ടീമാണ് അർജൻ്റീന. ലയണൽ മെസി, ലൗട്ടാരോ മാർട്ടിനസ്, ലിയനാർഡോ പരേദസ്, നിക്കോളാസ് ഒട്ടമണ്ടി, എമിലിയാനോ മാർട്ടിനസ്, ജിയോവാനി ലോസെൽസോ തുടങ്ങിയവർ ആദ്യ ഇലവനിൽ ഇറങ്ങും. സെർജിയോ അഗ്യൂറോ ബെഞ്ചിലാവും. ഡി മരിയ ആദ്യ ഇലവനിൽ ഇറങ്ങാനാണ് സാധ്യതയെങ്കിലും മറിച്ച് സംഭവിക്കാനും സാധ്യതയുണ്ട്.
ചിലിയാവട്ടെ അവസാന 13 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒപ്പം, സൂപ്പർ താരം അലക്സിസ് സാഞ്ചസിൻ്റെ പരുക്ക് അവർക്ക് കനത്ത തിരിച്ചടിയാണ്. സാഞ്ചസ് ഇന്ന് കളിക്കില്ല. കൊവിഡ് മുക്തനായ ആർതുറോ വിദാൽ ഇന്ന് കളിക്കാനിടയുണ്ട്. ഒപ്പം ക്ലോഡിയോ ബ്രാവോ, ചാൾസ് അറാംഗിസ്, എഡ്വാർഡോ വാർഗാസ്, മൗറീസിയോ ഇസ്ല തുടങ്ങിയവരും ഇറങ്ങും.
ഇതുവരെ 93 തവണയാണ് അർജൻ്റീനയും ചിലിയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 61 മത്സരങ്ങളിൽ അർജൻ്റീനയും 8 മത്സരങ്ങളിൽ ചിലിയും വിജയിച്ചു.
Story Highlights: copa america argentina vs chile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here