Advertisement

കോപ്പ അമേരിക്ക: നെയ്മർ തിളങ്ങി; വെനിസ്വേലയെ നിഷ്പ്രഭമാക്കി ബ്രസീൽ

June 14, 2021
Google News 1 minute Read
copa brazil defeats venezuela

കോപ്പ അമേരിക്കയിൽ ബ്രസീലിനു വിജയത്തുടക്കം. ഗ്രൂപ്പ് എയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വെനിസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ കെട്ടുകെട്ടിച്ചത്. മാർക്കിന്യോസ്, നെയ്മർ, ഗബ്രിയേൽ ബർബോസ എന്നിവരാണ് ബ്രസീലിനായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. ഒരു ഗോൾ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം നെയ്മറാണ് ബ്രസീലിൻ്റെ വിജയശില്പി.

കൊവിഡ് ബാധയെ തുടർന്ന് പല പ്രമുഖരും ഇല്ലാതെയാണ് വെനിസ്വേല ഇറങ്ങിയത്. എങ്കിലും പലപ്പോഴും ബ്രസീലിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വെനിസ്വേലയ്ക്കായി. ഉറച്ച ചില ഗോളവസരങ്ങൾ പാഴാക്കിയ ബ്രസീൽ കൂറ്റൻ ജയമാണ് കൈവിട്ടത്. 23ആം മിനിട്ടിലാണ് ബ്രസീൽ ഡെഡ്ലോക്ക് ഭേദിക്കുന്നത്. നെയ്മർ എടുത്ത കോർണറിറിൽ നിന്ന് മാർക്കീന്യോസാണ് ആദ്യം ഗോളടിച്ചത്. പ്രതിരോധത്തിൽ ഊന്നിക്കളിച്ച വെനിസ്വേലൻ പെനാൽറ്റി ബോക്സിൽ പലവട്ടം ഇരച്ചെത്തിയെങ്കിലും മോശം ഫിനിഷിംഗ് ഒരു ഗോൾ കൂടി നേടുന്നതിൽ നിന്ന് ബ്രസീലിനെ തടഞ്ഞു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു.

രണ്ടാം പകുതിയിലും സമാന ചിത്രമാണ് കണ്ടത്. നെയ്മർ തന്നെ ചില സുവർണാവസരങ്ങൾ പാഴാക്കി. പക്ഷേ, 64ആം മിനിട്ടിൽ നെയ്മർ സ്കോർഷീറ്റിൽ പേര് എഴുതിച്ചേർത്തു. ബ്രസീലിൻ്റെ ഡാനിലോയെ വെനസ്വേല താരം യൊഹാൻ കമാന സ്വന്തം ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി നെയ്മർ അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 2–0. വീണ്ടും ബ്രസീൽ ആക്രമണവും ഫിനിഷിംഗിലെ പാളിച്ചകളും കണ്ടു. ഒടുവിൽ 89ആം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ ബർബോസ ബ്രസീൽ ഗോളെണ്ണം പൂർത്തിയാക്കി. നെയ്മർ നൽകിയ ഒരു ചിപ് ബോൾ ഗോളിയില്ലാ പോസ്റ്റിലേക്ക് തട്ടിയിടുക എന്നത് മാത്രമായിരുന്നു റിച്ചാർലിസനു പകരമെത്തിയ ബർബോസയുടെ ദൗത്യം. അത് യുവതാരം പിഴവില്ലാതെ നടപ്പാക്കിയതോടെ ബ്രസീലിനു തകർപ്പൻ ജയം.

മറ്റൊരു മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയ പരാജയപ്പെടുത്തി. 42ആം മിനിട്ടിൽ എഡ്വിൻ കാർഡോണയാണ് ഗോൾ നേടിയത്.

Story Highlights: copa america brazil defeats venezuela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here