Advertisement

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനവുമായി ആരോഗ്യ വകുപ്പ്

June 14, 2021
Google News 0 minutes Read

സംസ്ഥാനത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ റിപ്പോർട്ടിംഗ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.

റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കൊവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്. അവർ പോർട്ടലിൽ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.

ജില്ലാ സർവയലൻസ് ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റി മാർഗനിർദേശങ്ങളനുസരിച്ച് കൊവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തിൽ തന്നെ കൊവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

കൊവിഡ് മരണമാണോയെന്ന് ജില്ലയിൽ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ടിംഗ് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോർട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here