Advertisement

ഇക്കുറിയും ഹജ്ജിന് അനുമതി തദ്ദേശീയര്‍ക്ക് മാത്രം; ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കി

June 15, 2021
Google News 1 minute Read

കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ആരും ഹജ്ജിന് പോകില്ല. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സൗദിയിലുള്ള സ്വദേശികളും വിദേശികളുമായവരെയാണ് ഹജ്ജിന് തെരഞ്ഞെടുക്കുക. വളരെ പരിമിതമായ ആളുകള്‍ക്ക് മാത്രമാകും ഇത്തവണ അവസരം നല്‍കുക.

കഴിഞ്ഞ വര്‍ഷവും സൗദിയില്‍ താമസിക്കുന്ന കുറച്ച് പേര്‍ക്കാണ് അവസരം നല്‍കിയിരുന്നത്. വിദേശികള്‍ ഹജ്ജിനായി സൗദിയിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം കടുത്ത തീരുമാനം എടുത്തത്. സൗദിയുടെ തീരുമാനം കണക്കിലെടുത്താണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളും റദ്ദാക്കിയത്. ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. മഖ്‌സൂദ് അഹമ്മദ് ഖാന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

തുടർച്ചയായ രണ്ടാം വർഷമാണ് സൗദി അറേബ്യ രാജ്യത്തിനകത്തെ ആളുകൾക്ക് ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആയിരം തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജ് നടത്താൻ അനുമതിയുണ്ടായിരുന്നത്. ഇത്തവണയും സമാനമായ രീതിയില്‍ തന്നെയാകും ഹജ്ജ് എന്നാണ് സൂചനകള്‍. ആഗോളതലത്തില്‍ കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. പലരാജ്യങ്ങളിലും രോഗം ആശങ്കയായി നിലനില്‍ക്കുന്നു. ഈ വേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുട ഒത്തുചേരല്‍ സാധ്യമല്ല എന്നാണ് സൗദിയുടെ വിലയിരുത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here