ആശിഖ് ഫസ്റ്റ് ഇലവനിൽ, സഹൽ ബെഞ്ചിൽ: അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ്/ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ ബെഞ്ചിലിരുന്ന മലയാളി താരം ആഷിഖ് കുരുണിയൻ ടീമിൽ മടങ്ങിയെത്തി. സസ്പൻഷൻ മാറിയെത്തുന്ന രാഹുൽ ഭേക്കെയും ആദ്യ ഇലവനിൽ ഇടം പിടിച്ചു. ഇന്ത്യൻ സമയം രാത്രി 7.30ന് ദോഹയിലെ ജസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
ഗുർപ്രീത് തന്നെയാണ് വല കാക്കുക. ഗ്ലാൻ മാർട്ടിൻസ്, ബ്രാണ്ടൻ ഫെർണാണ്ടസ്, മൻവീർ സിംഗ്, സുനിൽ ഛേത്രി, സന്ദേശ് ജിംഗാൻ, സുഭാശിഷ് ബോസ് തുടങ്ങിയ താരങ്ങളാണ് ആദ്യ ഇലവനിൽ ഉള്ളത്. അനിരുദ്ധ് ഥാപ്പ, ആദിൽ ഖാൻ, ഉദാന്ത സിംഗ്, ലിസ്റ്റൺ കൊളാസോ, സഹൽ അബ്ദുൽ സമദ്, ബിപിൻ സിംഗ് തുടങ്ങിയവരൊക്കെ ബെഞ്ചിലാണ്.
ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം കുറിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി നായകൻ സുനിൽ ഛേത്രി ഇരട്ടഗോൾ നേടി. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോൾ നേടിയത്.
വിജയം നേടാനാവാതെ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ചത്. ജയത്തോടെ ഇന്ത്യൻ ടീമിന്റെ എഎഫ്‌സി ഏഷ്യൻ കപ്പ് പ്രവേശന പ്രതീക്ഷകൾ സജീവമായി. ഗ്രൂപ്പ് ഇയിൽ ഏഴ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതുവരെ ആറ് പോയിന്റാണ് നേടിയത്. ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള ഇന്ത്യയുടെ സാധ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. ഏഷ്യാ കപ്പ് യോഗ്യതയ്ക്കാണ് ഇന്ത്യ ഇനി പ്രാധാന്യം നൽകുന്നത്.
Story Highlights: india vs afganistan team announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here