പരമ്പരയ്ക്കു മുൻപ് പരിശീലന മത്സരം; ഇന്ത്യയുടെ അഭ്യർത്ഥന തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

പരമ്പരയ്ക്കു മുൻപ് പരിശീലന മത്സരം കളിക്കണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അഭ്യർത്ഥന തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്ക എ ടീമിനെതിരെ പരിശീലന മത്സരം കളിക്കണമെന്ന അഭ്യർത്ഥനയാണ് തള്ളിയത്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. അടുത്ത മാസം 13 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക.
“എ ടീമിനെതിരെ ചില പരിശീലന മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ടീം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രാജ്യത്തെ കൊവിഡ് നിബന്ധനകൾ കാരണം അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇൻട്ര സ്ക്വാഡ് മത്സരങ്ങൾ കളിക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.”- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി-20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. 21, 23, 25 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: India’s Request For Practice Matches Denied By Sri Lankan Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here