Advertisement

ഫോണില്ലാത്തതിനാൽ പഠിക്കാൻ കഴിയുന്നില്ലെന്ന് കത്തെഴുതി 9ആം ക്ലാസുകാരി; ഫോൺ വാങ്ങി നൽകി എറണാകുളം ജില്ലാ കളക്ടർ

June 16, 2021
Google News 2 minutes Read
ernakulam collector facebook post

ഫോണില്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി കത്തെഴുതിയ 9ആം ക്ലാസുകാരിക്ക് സ്മാർട്ട്ഫോൺ വങ്ങി നൽകി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ സുഹാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ആളുകളാണ് കളക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കൂടപ്പിറപ്പു പോലുമില്ലാത്ത ചന്ദന ജില്ലാ കളക്ടർ എന്ന എന്റെ ഔദ്യോഗിക പദവിക്കപ്പുറം ഒരു സഹോദര സ്ഥാനത്തു കണ്ട് ആവശ്യപ്പെടുന്നതുപോലെയുള്ള വരികൾ. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകൾക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്മരിച്ചേക്കാം. പക്ഷേ ആ കൊച്ചു മിടുക്കികളിൽ ഇതുണ്ടാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഏറെ വലുതാണ് എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും….

‘സാറിന് ഒരു കുട്ടിയുടെ കത്തുണ്ട്’ എന്ന് ഓഫീസ് ജീവനക്കാർ പറഞ്ഞപ്പോൾ കൗതുകം തോന്നി. പതിവായി കളക്ടറേറ്റിലേക്കു വരുന്ന തപാലുകളുടെ കൂട്ടത്തിൽ ആ കത്ത് ഫയൽ പരിശോധനക്കിടെ എടുത്തു വായിച്ചു. കാലടി മാണിക്കമംഗലം എൻ.എസ്.എസ്. ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ചന്ദന സാധാരണ തപാലിൽ കാലടിയിൽനിന്നും പോസ്റ്റ് ചെയ്ത കത്താണ്.

ഓൺലൈൻ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോൺ കേടായതിനെ തുടർന്ന് പഠനം മുടങ്ങിയതാണ് വിഷയം. ഫോൺ പണി മുടക്കുന്നതിനനുസരിച്ച് നന്നാക്കി വരുന്നതിനിടെ പൂർണ്ണമായും കേടായി. നടത്തിവന്നിരുന്ന ചെറിയ കട ലോക്ഡൗണിനെ തുടർന്ന് പൂട്ടേണ്ടി വന്നപ്പോൾ പെയിന്റിങ് ജോലി ചെയ്യാൻ തുടങ്ങിയ അച്ഛൻ ആദർശും ഒരു കടയിൽ ജോലിക്കു പോകുന്ന അമ്മ ഷീനയും മാസങ്ങൾക്കുമുമ്പ് കോവിഡിന്റെ പിടിയിലായി. രോഗം ഭേദമായെങ്കിലും ലോക് ഡൗൺ പശ്ചാത്തലത്തിൽ ജോലിക്കു പോകാൻ നിവൃത്തിയില്ലാതായതോടെ മകളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുക എന്നതായിരുന്നു അവർ കണ്ടെത്തിയ പരിഹാര മാർഗ്ഗം.

‘ എന്റെ കൂട്ടുകാരിയുടെ ഫോണിൽനിന്നുമാണ് ഞാൻ നോട്ടുകൾ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്ണമോൾ രഘു. അവളുടെ വീട് ഒരു കിലോമീറ്റർ ദൂരെയാണ്. അവിടെവരെ സൈക്കിളിൽ പോയാണ് വരുന്നത്. ആ പ്രദേശത്തൊക്കെ കോവിഡ് കേസുകൾ ഉള്ളതുകൊണ്ട് അച്ഛനും അമ്മക്കും എന്നെ വിടാനും ഇപ്പോൾ പേടിയാണ്. അപ്പോഴാണ് സാറിനോട് ഈ വിഷമം പങ്കുവെച്ചാലോ എന്ന് ആഷ്ണമോൾ പറഞ്ഞത്. ഗൂഗിൾ മീറ്റ് വഴി അധ്യാപകർ ക്ലാസ്സെടുക്കുന്നതിനു പുറമേ ഓരോ വിഷയങ്ങൾക്കും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകൾ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ പ്രശ്‌നം വിവരിച്ച ശേഷം ചന്ദന ആവശ്യവും തുറന്നു പറഞ്ഞു. ആ ചോദ്യത്തിൽ എന്നിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കുഞ്ഞ് എന്നിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയായിരിക്കുമല്ലോ. കൂട്ടത്തിൽ ഒരു രഹസ്യവും കത്തിലുണ്ടായിരുന്നു- കത്തെഴുതുന്ന കാര്യം അച്ഛനും അമ്മക്കുമറിയില്ല എന്ന്. രക്ഷിതാക്കളുടെ ദുരിതം മനസ്സിലാക്കി അവരെ സങ്കടപ്പെടുത്താതിരിക്കുമ്പോഴും പഠനത്തിൽ പുറകിലാകുമോ എന്ന ആശങ്ക, സൈക്കിളിൽ അത്രയും ദൂരം ദിവസവും പോയി വരാനുള്ള മനസ്സ്, കൂട്ടുകാരിക്കു താങ്ങും പ്രോത്സാഹനവുമാകുന്ന നിസ്വാർത്ഥയായ സഹപാഠി …എന്തെല്ലാം പാഠങ്ങളാണ് !

കൂടപ്പിറപ്പു പോലുമില്ലാത്ത ചന്ദന ജില്ലാ കളക്ടർ എന്ന എന്റെ ഔദ്യോഗിക പദവിക്കപ്പുറം ഒരു സഹോദര സ്ഥാനത്തു കണ്ട് ആവശ്യപ്പെടുന്നതുപോലെയുള്ള വരികൾ. അന്വേഷിച്ചപ്പോൾ സത്യം തന്നെ. ഇന്നലെ വൈകീട്ട് പുതിയ ഒരു ആൻഡ്രോയ്ഡ് ഫോൺ ചന്ദനയുടെ വീട്ടിൽ നേരിട്ട് പോയി നൽകി. കത്തിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചാണ് പോയത്. ഞാൻ ചെല്ലുന്നതറിഞ്ഞ് ചന്ദന ആഷ്ണമോളെയും വിളിച്ചുവരുത്തിയിരുന്നു. ആശ്ചര്യത്തോടെ വീട്ടുകാർ നിൽക്കുമ്പോൾ അഭിമാനത്തോടെ ഫോൺ ഏറ്റു വാങ്ങുന്ന ചന്ദനയുടേയും കണ്ടു നിൽക്കുന്ന ആഷ്ണയുടേയും മുഖത്ത് സന്തോഷം!

നന്നായി പഠിക്കാമെന്ന് ഇരുവരും ഉറപ്പു നൽകി. ഇതെന്റെ കടമ മാത്രം. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകൾക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്മരിച്ചേക്കാം. പക്ഷേ ആ കൊച്ചു മിടുക്കികളിൽ ഇതുണ്ടാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഏറെ വലുതാണ്. അവർ ഉയരങ്ങളിലെത്തും, തീർച്ച!

അവരുടെ വിലപ്പെട്ട വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതിൽ എനിക്കും സന്തോഷം.
ഇരുവർക്കും ഭാവുകങ്ങൾ….

Story Highlights: ernakulam district collector facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here