സികെ ഉബൈദ് ഗോകുലം വിട്ടു; ഇനി ശ്രീനിധി എഫ്സിയിൽ കളിക്കും

കഴിഞ്ഞ രണ്ട് സീസണുകളായി ഐലീഗ് ക്ലബ് ഗോകുലം കേരളയ്ക്കൊപ്പമുള്ള ഗോൾകീപ്പർ സികെ ഉബൈദ് ക്ലബ് വിട്ടു. കഴിഞ്ഞ സീസണിൽ ക്ലബിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു ഉബൈദ് നവാഗതരായ ശ്രീനിധി എഫ്സിയിലേക്കാണ് കൂടുമാറുന്നത്. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഉബൈദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഗോകുലം കേരളയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് വർഷങ്ങൾക്കു ശേഷം വിടപറയാനുള്ള സമയമായിരിക്കുന്നു. ഒരു മലബാറുകാരൻ എന്ന നിലയിൽ എൻ്റെ സംസ്ഥാനത്തു നിന്ന് തന്നെയുള്ള ക്ലബിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ ആദരവായി ഞാൻ കാണുന്നു. നല്ലതും മോശവുമായ സമയങ്ങളിൽ എന്നെ പിന്തുണച്ച ആരാധകർക്ക് ഞാൻ നന്ദി അറിയിക്കുന്നു. പരിശീലകർക്കും മാനേജർമാർക്കും മറ്റ് ജീവനക്കാർക്കും നന്ദി. ഐലീഗും ഡ്യുറൻ്റ് കപ്പും വിജയിച്ചത് എല്ലായ്പ്പോഴും എനിക്ക് സ്പെഷ്യലാണ്.’- ഉബൈദ് കുറിച്ചു.
ഈസ്റ്റ് ബംഗാളിൽ നിന്ന് 2019ലാണ് ഉബൈദ് ഗോകുലത്തിലെത്തുന്നത്. ക്ലബിലെത്തിയ ആദ്യ സീസണിൽ ഡ്യുറൻ്റ് കപ്പ് നേടി. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രഥമ ഐലീഗ് കിരീടനേട്ടത്തിലും ഉബൈദ് പങ്കാളിയായി. ക്ലബിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ഗോൾവല കാത്ത ഉബൈദ് ആകെ 21 മത്സരങ്ങളിൽ ഗോകുലത്തിനായി കളത്തിലിറങ്ങി.
Story Highlights: ck ubaid left gokulam kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here