കോപ്പ അമേരിക്ക: അർജന്റീനയ്ക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികൾ ഉറുഗ്വെ

കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ഉറുഗ്വെയാണ് അർജൻ്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം. ഉറുഗ്വെ കോപ്പയിലെ ആദ്യ മത്സരത്തിനിരങ്ങുമ്പോൾ അർജൻ്റീനയുടെ രണ്ടാം മത്സരമാണ് ഇത്. ചിലിക്കെതിരായ ആദ്യ മത്സരത്തിൽ അർജൻ്റീന 1-1 എന്ന നിലയിൽ സമനില പാലിച്ചിരുന്നു.
ഭേദപ്പെട്ട ടീം ഉണ്ടായിട്ടും ഫൈനൽ തേർഡിലെ പകപ്പാണ് അർജൻ്റീനയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്. ഗോളടിക്കാൻ ഇപ്പോഴും മെസിയെ ആശ്രയിക്കേണ്ട അവസ്ഥ. 19 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണെങ്കിലും അവസാന മൂന്ന് മത്സരത്തിലും അർജൻ്റീനയ്ക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ മെസിക്കൊപ്പം ലൗട്ടാരോ മാർട്ടിനസിനെയും നിക്കോളാസ് ഗോൺസാലസിനെയും മെസിക്കൊപ്പം മുന്നേറ്റത്തിൽ പരീക്ഷിച്ച സ്കലോണിയുടെ തന്ത്രം പാളിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് സെർജിയോ അഗ്യൂറോ ആദ്യ ഇലവനിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പരുക്കേറ്റ നിക്കോളാസ് ഗോൺസാലസിനു പകരം ഏഞ്ചൽ ഡി മരിയ എത്താനും ഇടയുണ്ട്. അതേസമയം, പ്രതിരോധ നിരയിൽ ക്രിസ്ത്യൻ റൊമേറോ ഇന്ന് കളിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. പരുക്കിനെ തുടർന്ന് റൊമേറോ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല.
ഉറുഗെ ആവട്ടെ, അർജൻ്റീനയുടെ സമാന പാതയിൽ തന്നെയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അവർക്കും വിജയിക്കാനായില്ല. സസ്പൻഷൻ അവസാനിച്ചതിനെ തുടർന്ന് വെറ്ററൻ സ്ട്രൈക്കർ എഡിസൺ കവാനി ടീമിൽ തിരികെയെത്തും. അതുകൊണ്ട് തന്നെ സുവാരസിനൊപ്പം കവാനിയെക്കൂടി അണിനിരത്തിയാവും ഉറുഗ്വെ ഇറങ്ങുക. ജൊനാതൻ റോഡ്രിഗസ്, ഫക്കുണ്ടോ ടോറസ്, ഫെഡെറിക്കോ വാൽവെർദെ, ഡിയേഗോ ഗോഡിൻ തുടങ്ങിയവരും ടീമിൽ അണിനിരക്കും.
Story Highlights: copa america argetina vs uruguay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here