കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കഥയല്ല, യാഥാര്‍ത്ഥ്യം; പ്രതിസന്ധിഘട്ടത്തില്‍ പോലും സുധാകരന്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നില്ലെന്ന് എകെ ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ ശ്രമം നടത്തിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുന്‍മന്ത്രി എ കെ ബാലന്‍. പ്രതിസന്ധിഘട്ടത്തില്‍ പോലും സുധാകരന്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നില്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എകെ ബാലന്റെ പ്രതികരണം:
‘പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ ശ്രമം നടത്തിയെന്നത് യാഥാര്‍ത്ഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ കോണ്‍ഗ്രസുകാരന്‍ തന്നെയാണ് എന്നോടും അക്കാര്യം പറഞ്ഞത്. അക്കാര്യത്തില്‍ പരാതി കൊടുക്കേണ്ടതായി തോന്നിയില്ല. കാരണം സുധാകരന്‍ അങ്ങനെ ചെയ്താല്‍ പൊലീസിനെ അറിയിക്കാതെ തന്നെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.
മമ്പറം ദിവാകരനെയും സുധാകരനെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഞാന്‍ ബ്രണ്ണന്‍ കോളജില്‍ ചെയര്‍മാനാകുന്നത്. യഥാര്‍ത്ഥത്തില്‍ കെഎസ് യുവിനെ ബ്രണ്ണന്‍ കോളജില്‍ നശിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തയാളാണ് സുധാകരന്‍. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ കൂടെയായിരുന്നില്ല അദ്ദേഹം. ജനതാപാര്‍ട്ടിക്കൊപ്പമായിരുന്നു. അതായത് 17, 18 വര്‍ഷക്കാലം സുധാകരന് കോണ്‍ഗ്രസുമായി ബന്ധമില്ലായിരുന്നു. വസ്തുത എന്താണെന്ന് ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ചില കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതമായത്.
ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഒരു ദിവസം ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് കെഎസ്എഫിന്റെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 1968കാലത്താണിത്. അപ്പോഴാണ് സുധാകരന്റെ നേൃത്വത്തില്‍ കുറച്ച് ആളുകള്‍ വന്ന് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചത്. ആ സമയത്താണ് പരീക്ഷ എഴുതാന്‍ വേണ്ടി കോളജിലെത്തിയ പിണറായി വിജയന്‍ മുകളിലേക്ക് കയറിവരുന്നത്. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന് നേരെ സുധാകരന്‍ ഒരു ശരീരഭാഷ പ്രയോഗിക്കുകയും പിണറായി വിജയന്‍ ആ രീതിയില്‍ തിരികെ പ്രതികരിക്കുന്നതും. അന്ന് മാഹി ബാലന്‍ എന്നയാളാണ് കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തത്. അത്രയേ അന്ന് നടന്നിട്ടുള്ളൂ. അതുമായി ബന്ധപ്പെട്ടാണ് ഞാന്‍ പിണറായിയെ ചവിട്ടി എന്നൊക്കെ തെറ്റായ കാര്യങ്ങള്‍ സുധാകരന്‍ പ്രചരിപ്പിച്ചത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്നാണ് മമ്പറം ദിവാകരന്‍ പറഞ്ഞത്. ഇന്ന് സുധാകരന്‍ പറഞ്ഞ മറുപടിയില്‍ പലതും പിണറായി പറയാത്ത കാര്യങ്ങളിലാണ്’. എ കെ ബാലന്‍ പ്രതികരിച്ചു.
Story Highlights: AK Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here