Advertisement

കേരളത്തിൽ നിന്ന് പോകാൻ അടിപൊളി റോഡ് ട്രിപ്പുകൾ

June 19, 2021
Google News 1 minute Read

കായലുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, വലിയ തീരപ്രദേശങ്ങൾ, വർണ്ണാഭമായ നൃത്തരൂപങ്ങൾ എന്നിവയുടെ കേന്ദ്രമാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം. വിദേശ സഞ്ചാരികൾക്ക് കേരളം എന്നും ഒരു അത്‍ഭുതം തന്നെയാണ്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമെല്ലാം നിറഞ്ഞ കേരളം ഏതു സീസണിലും യാത്രയ്ക്ക് അനുയോജ്യമാണ്. അത് തന്നെയാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏത് വഴി പോയാലും യാത്രികരുടെ മനം കവരുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. റോഡ് ട്രിപ്പുകൾക്ക് അനുയോജ്യമായ സ്ഥലമാണ് കേരളം. റോഡ് ട്രിപ്പുകൾ തരുന്ന അനുഭവങ്ങളും വ്യത്യസ്തമാണ്‌. ബൈക്കിലും കാറിലുമെല്ലാം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചില മനോഹരമായ റൂട്ടുകള്‍ പരിചയപ്പെടാം.

വയനാട് – മടിക്കേരി

മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വയനാട് മടിക്കേരിയിലേക്ക് ഒരു ഡ്രൈവ് പോകുക. പ്രകൃതിസ്നേഹികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു യാത്രയായിരിക്കും അത്. കാടുകളും മലകളും കണ്ടു കൊണ്ടുള്ള യാത്ര പകരുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. മനോഹരമായ ഹൈവേയുടെ ഇരു വശങ്ങളിലും പൂത്ത് നിൽക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റും ഈ റൂട്ടിലുണ്ട്. വയനാട്ടിൽ നിന്ന് 132 കിലോമീറ്റർ ദൂരമാണ് മടിക്കേരിയിലേക്ക് ഉള്ളത്. വേനല്‍ക്കാലവും ശൈത്യകാലവുമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

ആബി വെള്ളച്ചാട്ടം, രാജാസ് സീറ്റ്, ഇരുപ്പു വെള്ളച്ചാട്ടം, ദുബാരെ എലിഫെന്റ് ക്യാമ്പ്, തടിയന്റമോൾ, ബൈലാകുപ്പെ നംഡ്രോളിങ് മൊണാസ്ട്രി എന്നിവയാണ് മടിക്കേരിയിലെ പ്രധാന കാഴ്ചകള്‍.

ദേവികുളം – മധുര

തമിഴ്‌നാട്ടിലെ വൈഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ നഗരമാണ് മധുര. ഇടുക്കിയിലെ ദേവികുളത്ത് നിന്ന് മധുരയിലേക്കുള്ള യാത്ര അവിസ്മരണീയമാണ്. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മധുര ചരിത്രപ്രസിദ്ധമാണ്. അവിടുത്തെ പുരാതന ക്ഷേത്രമായ മധുര മീനാക്ഷി ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയ്ക്ക് ഏറെ അനുയോജ്യമാണ് ഈ റൂട്ട്. ദേവികുളങ്ങരയിൽ നിന്ന് 148 കിലോമീറ്റർ ദൂരമുണ്ട് മധുരയിലേക്ക്. സെപ്റ്റംബർ മുതൽ നവംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

തിരുമലനായ്ക്കർ കൊട്ടാരം, എക്കോ പാർക്ക്, തെപ്പക്കുളം, അഴഗർ കോവിൽ തുടങ്ങിയ ഇടങ്ങളാണ് മധുരയിൽ സന്ദർശിക്കാൻ കഴിയുന്ന മറ്റ് പ്രസിദ്ധ സ്ഥലങ്ങൾ.

തിരുവനന്തപുരം – കന്യാകുമാരി

ഇന്ത്യയിലെ മൂന്ന് സമുദ്രങ്ങളായ, ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവയുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. യാത്രാപ്രേമികളുടെ പ്രിയപ്പെട്ട ഒരിടം കൂടിയാണിത്. പശ്ചിമഘട്ടവും പൂർവഘട്ടവും അവസാനിക്കുന്നതും കന്യാകുമാരിയിലാണ്‌. ഇവിടുത്തെ പ്രധാന ആകർഷണം എന്നത്, കന്യാകുമാരി മുനമ്പിൽ നിന്നുള്ള ഉദയ, അസ്തമയ കാഴ്ചകളാണ്. തിരുവനന്തപുരത്ത് നിന്നും വെറും 90 കിലോമീറ്റർ ദൂരം മാത്രമേ കന്യാകുമാരിയിലേക്കുള്ളു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

മൂന്നാർ – കൊടൈക്കനാൽ

മൂന്നാറിൽ നിന്ന് കൊടൈക്കനാലിലേക്ക് റോഡ് മാർഗം യാത്ര ചെയ്ത ആരും തന്നെ ആ യാത്ര മറക്കുകയില്ല. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കുന്നുകളും കണ്ണിനു വിരുന്നൊരുക്കുന്ന വഴിയിലൂടെയാണ് മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള യാത്ര. മഞ്ഞും മഴയും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ വഴി യാത്ര ചെയ്യുക. കണ്ണിനെ മാത്രമല്ല മനസിനെയും കുളിരണിയിക്കുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നാറിൽ നിന്ന് 167 കിലോമീറ്റർ ദൂരമാണ് കൊടൈക്കനാലിലേക്കുള്ളത്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

കൊടൈക്കനാൽ തടാകം, പൈൻ ഫോറസ്റ്റ്, കാസ്കേഡ് വെള്ളച്ചാട്ടം, ബ്രയന്റ് പാർക്ക്, കോക്കേഴ്‌സ് പാർക്ക് എന്നിങ്ങനെ സന്ദര്‍ശിക്കാന്‍ നിരവധി ഇടങ്ങള്‍ കൊടൈക്കനാലിലുണ്ട്.

എറണാകുളം – കോയമ്പത്തൂർ

എറണാകുളത്ത് നിന്ന് ഏകദേശം മൂന്നര മണിക്കൂർ യാത്രയെ കോയമ്പത്തൂരിലേക്കുള്ളു. 164 കിലോമീറ്റർ ദൂരമാണുളളത്. തണുപ്പുകാലമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
മരുതമലൈ, ശിരുവാണി വെള്ളച്ചാട്ടം, ഇച്ചനാരി ഗണേശ ക്ഷേത്രം, അമരാവതി ഡാം, കോണിയമ്മൻ ക്ഷേത്രം തുടങ്ങി നിരവധി ഇടങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

മൂന്നാർ – പൊള്ളാച്ചി

പശ്ചിമഘട്ടത്തിലേക്കുള്ള ഒരു കവാടമാണ് പൊള്ളാച്ചി. കോയമ്പത്തൂരിന് 40 കിലോമീറ്റര് തെക്കായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. ധാരാളം കുന്നുകളും ചന്ദന മരങ്ങളുമെല്ലാം സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കും. പശ്ചിമഘട്ട മലനിരകള്‍ക്കടുത്തായതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. ഏകദേശം 113 കിലോമീറ്റർ ദൂരമാണ് മൂന്നാറിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ളത്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ കന്നുകാലി ചന്തയും ഇവിടെയാണ്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here