മോക്ഡ്രില്ലിനിടെ രോഗികളുടെ മരണം; യുപിയിലെ ആശുപത്രിക്ക് ക്ലീൻ ചിറ്റ് നൽകി

മോക്ഡ്രില്ലിനിടെ ഓക്സിജൻ വിതരണം നിർത്തിവച്ചതിനെ തുടർന്നു രോഗികൾ മരിച്ചെന്ന ആരോപണം നേരിടുന്ന ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിക്കു ക്ലീൻ ചിറ്റ്. 22 പേർ മരിച്ചെന്ന ആരോപണത്തിൽ ആഗ്രയിലെ ശ്രീ പരസ് ആശുപത്രിക്കാണു സർക്കാരിന്റെ അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകിയത്. ആശുപത്രി ഉടമയുടെ ഓഡിയോ സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് ആഗ്ര ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്.
ഏപ്രിൽ 27ന് അഞ്ചു മിനിറ്റ് നേരത്തേക്കു നടന്ന മോക്ഡ്രില്ലിൽ 22 പേർക്കു ജീവൻ നഷ്ടമായെന്നായിരുന്നു ഓഡിയോ ക്ലിപ്പിൽ പറഞ്ഞിരുന്നത്. ‘ഓക്സിജൻ ക്ഷാമമുള്ളതിനാൽ രോഗികളെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. തുടർന്നാണു മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. ആരുടെയൊക്കെ ഓക്സിജൻ വിതരണം കുറച്ചു സമയത്തേക്ക് നിർത്തിവയ്ക്കാനാകുമെന്നു പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. അതിലൂടെ ആരൊക്കെ മരിക്കും ആരൊക്കെ ജീവിച്ചിരിക്കുമെന്ന് മനസ്സിലാക്കാനാകും. ആർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല’– പ്രചരിച്ച ഓഡിയോ ക്ലിപ്പിൽ ആശുപത്രി ഉടമ പറയുന്നു.
അതേസമയം , ഗുരുതരമായ രോഗാവസ്ഥയും അനുബന്ധ രോഗങ്ങളും കാരണമാണ് ആളുകൾ മരിച്ചതെന്നും മോക്ഡ്രില്ലുമായി ബന്ധപ്പെട്ടല്ലന്നും സമിതി കണ്ടെത്തി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് എല്ലാവരെയും ചികിത്സിച്ചത്. ആരുടെയും ഓക്സിജൻ വിതരണം നിർത്തിയതായി കണ്ടെത്തിയില്ല. രോഗികൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ഉണ്ടായിരുന്നതായും അന്വേഷണ സമിതി കണ്ടെത്തി.തന്റെ ഓഡിയോ ക്ലിപ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നാണ് ആശുപത്രി ഉടമ സമിതിയോടു വിശദീകരിച്ചത്.
Story Highlights: Deaths Not Related To Oxygen Mock Drill”: UP Hospital Gets Clean Chit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here