Advertisement

യൂറോ കപ്പ്: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഫ്രാൻസും പോർച്ചുഗലും; ആദ്യ ജയത്തിനായി സ്പെയിനും ജർമ്മനിയും

June 19, 2021
Google News 1 minute Read
france germany portugal spain

യൂറോ കപ്പിൽ ഇന്ന് വമ്പന്മാർ കളത്തിലിറങ്ങുന്നു. ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, സ്പെയിൻ എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. 6.30ന് മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് ഹംഗറിയെ നേരിടുമ്പോൾ 9.30ന് ഗ്രൂപ്പ് എഫിൽ തന്നെ പോർച്ചുഗൽ-ജർമ്മനി ടീമുകൾ കൊമ്പുകോർക്കും. നാളെ പുലർച്ചെ 12.30ന് ഗ്രൂപ്പ് ഇയിൽ സ്പെയിൻ പോളണ്ടിനെ നേരിടും.

ആദ്യ മത്സരത്തിൽ കരുത്തരായ ജർമ്മനിയെ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസവുമായാണ് ഫ്രാൻസ് ഇന്നിറങ്ങുക. പോർച്ചുഗലിനെതിരെ 84 മിനിട്ട് വരെ പിടിച്ചുനിന്നിട്ടും എതിരില്ലാത്ത മൂന്ന് ഗോളിൻ്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിൻ്റെ ഞെട്ടലിൽ ഇറങ്ങുന്ന ഹംഗറി ഫ്രാൻസിന് എതിരാളികളേയല്ല. എംബാപ്പെ, ഗ്രീസ്മാൻ, ബെൻസേമ, പോഗ്ബ, കാൻ്റെ തുടങ്ങിയ സൂപ്പർ താരങ്ങളാണ് ഫ്രാൻസിനായി ബൂട്ടുകെട്ടുന്നത്. ഇരു ടീമുകളും തമ്മിൽ നടന്ന അവസാന അഞ്ച് മത്സരങ്ങളിലും ഫ്രാൻസ് വിജയിക്കുകയാണ് ഉണ്ടായത്. ആകെ കണക്ക് പരിഗണിക്കുമ്പോൾ 8 തവണ ഫ്രാൻസ് ജയിച്ചപ്പോൾ ഹംഗറി 12 തവണ വിജയം കുറിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ ടീമുകൾ പരിഗണിക്കുമ്പോൾ ഹംഗറി വെല്ലുവിളി ഉയർത്താതെ കീഴടങ്ങിയേക്കും.

രണ്ടാം മത്സരത്തിൽ ഫ്രാൻസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടാണ് ജർമ്മനി എത്തുന്നത്. ഹംഗറിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് പോർച്ചുഗലും രണ്ടാം മത്സരത്തിനിറങ്ങും. ജർമ്മനിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പ്രീക്വാർട്ടറിലേക്കുള്ള പ്രവേശനം തുലാസിലാവും. അവസാന അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരുതവണ മാത്രമേ പോർച്ചുഗലിനു വിജയിക്കാനായുള്ളൂ എന്നത് ജർമ്മനിയ്ക്ക് ആത്മവിശ്വാസം നൽകും. അവസാന നാല് തവണയും ജർമ്മനി പോർച്ചുഗലിനെ പരാജയപ്പെടുത്തുകയായിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റാഫ സിൽവ, പെപെ തുടങ്ങിയ സൂപ്പർ താരങ്ങൾ പോർച്ചുഗലിനായി ഇറങ്ങുമ്പോൾ തോമസ് മുള്ളർ, ടോണി ക്രൂസ്, ഗുണ്ടൊവാൻ, മാനുവൻ ന്യൂയർ, മാറ്റ്സ് ഹമ്മൽസ് തുടങ്ങിയ താരങ്ങൾ ജർമ്മനിക്കായും ഇറങ്ങും.

ആദ്യ മത്സരത്തിൽ സ്വീഡനെതിരെ ഗോൾരഹിത സമനില വഴങ്ങേണ്ടിവന്ന സ്പെയിന് ഈ മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്. പോളണ്ട് ആവട്ടെ സ്ലൊവാക്യയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. പൊസിഷൻ ഉണ്ടെങ്കിലും ഫൈനൽ തേർഡിൽ ഗോളടിക്കാൻ ആളില്ലാത്തതാണ് സ്പെയിൻ്റെ പ്രശ്നം. പോളണ്ടിനെതിരെ കളിച്ച 10 മത്സരങ്ങളിൽ 8ലും സ്പെയിൻ വിജയിച്ചിരുന്നു.

Story Highlights: euro cup france germany portugal spain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here