Advertisement

കുപ്പികൾ അരികിലേക്ക് ചേർത്തുവച്ചു; കൊക്കക്കോള ‘കീഴ്‌വഴക്കം’ തെറ്റിച്ച് യുക്രൈൻ താരം

June 19, 2021
Google News 2 minutes Read
Ukraine's Andriy Yarmolenko cocacola

യൂറോ കപ്പിലെ വാർത്താസമ്മേളനങ്ങൾ വീണ്ടും ചർച്ചയാവുന്നു. വാർത്താസമ്മേളനത്തിനിടെ മുൻപ് രണ്ട് വട്ടം ‘മാറ്റിനിർത്തപ്പെടേണ്ടിവന്ന’ കൊക്കക്കോളയെ ഇത്തവണ അരികിലേക്ക് ചേർത്തുവച്ചിരിക്കുകയാണ് യുക്രൈൻ താരം ആൻഡ്രി യാർമെലെങ്കോ. കോലക്കൊപ്പം ഹെയ്ന്‌കെയിൻ്റെ ബിയർ കുപ്പിയെയും താരം അരികിലേക്ക് എടുത്തുവച്ചു.

വടക്കൻ മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് യാർമെലെങ്കോ ‘കീഴ്‌വഴക്കം’ തെറ്റിച്ചത്. കോളയുടെ രണ്ട് കുപ്പികളും ഹെയ്ന്‌കെയിൻ്റെ ഒരു കുപ്പിയും അരികിലേക്ക് ചേർത്തുവച്ച താരം സ്പോൺസർഷിപ്പിനായി തന്നെ ബന്ധപ്പെടൂ എന്ന് തമാശയായി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു.

അതേസമയം, താരങ്ങൾ സ്പോൺസർമാരുടെ ബോട്ടിലുകൾ മാറ്റിവെക്കരുതെന്ന നിർദ്ദേശവുമായി യുവേഫ രംഗത്തെത്തിയിരുന്നു. യൂറോ കപ്പ് ടൂർണമെൻ്റ് ഡയറക്ടർ മാർട്ടിൻ കല്ലെൻ ആണ് യുവേഫ ഇത്തരത്തിൽ നിർദ്ദേശം നൽകിയെന്ന് വ്യക്തമാക്കിയത്. സ്പോൺസർമാരിൽ നിന്നുള്ള വരുമാനം ടൂർണമെൻ്റിനും യൂറോപ്യൻ ഫുട്ബോളിനും സുപ്രധാനമാണെന്ന് യുവേഫ അറിയിച്ചു.

ക്രിസ്ത്യാനോ റൊണാൾഡോയാണ് സ്പോൺസർമാർക്ക് പണികൊടുക്കുന്ന ജോലി ആദ്യം തുടങ്ങിയത്. ഹംഗറിക്കെതിരായ മത്സരത്തിനു മുൻപാണ് ക്രിസ്ത്യാനോ കോളക്കുപ്പികൾ മാറ്റിവച്ചത്. തുടർന്ന് കുപ്പിവെള്ളം എടുത്ത അദ്ദേഹം അത് ഉയർത്തിക്കാണിക്കുകയും ചെയ്തു. പിന്നാലെ, ജർമനിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിനിടെ ഫ്രാൻസ് താരം പോൾ പോഗ്ബ തൻ്റെ മുന്നിലിരുന്ന ഹെയ്ന്‌കെൻ ബിയർ കുപ്പി എടുത്ത് മാറ്റിവച്ചു. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ തൻ്റെ വിശ്വാസങ്ങൾക്ക് എതിരായതിനാലാണ് ബിയർ കുപ്പികൾ മാറ്റിവച്ചത്. തുടർന്ന് ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോക്കടെല്ലിയും കൊക്കക്കോള കുപ്പികൾ എടുത്തുമാറ്റി. വെള്ളക്കുപ്പി എടുത്തുവച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെക്കുകയായിരുന്നു അദ്ദേഹം.

Story Highlights: Ukraine’s Andriy Yarmolenko cocacola

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here