Advertisement

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന

June 21, 2021
Google News 1 minute Read
ramanattukara accident

രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന സംശയത്തില്‍ പൊലീസ്. കവര്‍ച്ചയ്ക്കായി വാട്‌സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ പേര്. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രത്യേക ദൗത്യത്തിന് വേണ്ടിയായിരുന്നു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. സംഘത്തിലെ 15 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍പ്പെട്ടവരും കസ്റ്റഡിയിലും ഉള്ളവര്‍ അടക്കം ഇതിലുണ്ട്. സ്വര്‍ണം കടത്തുന്നവരില്‍ നിന്ന് കവര്‍ച്ച നടത്തുന്നവരാണ് ഇവരെന്നുമാണ് സൂചന. 15 വാഹനങ്ങള്‍ സംഘത്തിലുണ്ടായിരുന്നുവെന്നും വിവരം.

പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോട് വളവിലാണ് ചരക്കു ലോറിയും ബൊലേറോ കാറും തമ്മില്‍ കൂട്ടിയിടിച്ചത്. കാറില്‍ സഞ്ചരിച്ച വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീര്‍, മുളയങ്കാവ് സ്വദേശി നാസര്‍, എലിയപറ്റ സ്വദേശി താഹിര്‍ ഷാ, ചെമ്മന്‍കുഴി സ്വദേശികളായ അസ്സൈനാര്‍, സുബൈര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാറിനൊപ്പം രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. 15 അംഗ സംഘമാണ് മൂന്ന് വാഹനങ്ങളിലായി വന്നത്. ഒരു ഇന്നോവ കാറും ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നതാണെന്നാണ് ഇവരുടെ മൊഴി. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ്.

മൂന്നാമത്തെ വാഹനവും അതിലുണ്ടായിരുന്നവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിമാനത്താവളത്തിലെയും പരിസര പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംഘം മറ്റാരെയെങ്കിലും പിന്തുടരുകയോ അകമ്പടി പോവുകയോ ആണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

Story Highlights: gold smuggling, ramanattukara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here