ഛേത്രി ബെംഗളൂരു എഫ്സിയിൽ തുടരും

സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രി ബെംഗളൂരു എഫ്സിയിൽ തുടരും. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ഛേത്രി ഒപ്പുവച്ചിരിക്കുന്നത്. വിവരം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
2013 ലാണ് ഛേത്രി ബെംഗളൂരുവിൽ എത്തുന്നത്. ഈ സീസൺ അവസാനത്തോടെ ബെംഗളൂരു എഫ്സിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിച്ചിരുന്നു. ഇതോടെ താരം മറ്റ് ഏതെങ്കിലും ക്ലബിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ, അതിനൊക്കെ വിരാമമിട്ടാണ് താരം ഇപ്പോൾ പുതിയ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.
ബെംഗളൂരുവിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് ഛേത്രി. 203 മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാർക്കു വേണ്ടി കളത്തിലിറങ്ങിയ താരം 101 ഗോളുകളാണ് ക്ലബ് ജഴ്സിയിൽ നേടിയത്. ബെംഗളൂരുവിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരവും ഛേത്രിയാണ്. രണ്ട് ഐലീഗ്, രണ്ട് ഫെഡറേഷൻ കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നീ കിരീടനേട്ടങ്ങളാണ് ഇതുവരെ ബെംഗളൂരുവിനൊപ്പം ഛേത്രി നേടിയത്.
Story Highlights: Sunil Chhetri signs a two-year extension with Bengaluru FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here