Advertisement

ബ്രഡ് കൊണ്ട് തയാറാക്കാവുന്ന അഞ്ച് അടിപൊളി പലഹാരങ്ങൾ

June 22, 2021
Google News 4 minutes Read

വൈകിട്ട് നാലു മാണി പലഹാരമായും, വീട്ടിൽ അതിഥികൾ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന കുറച്ച് ബ്രഡ് വിഭാവനാൽ പരിചയപ്പെടാം. പലവിധ ചേരുവകൾക്കൊപ്പം വറത്തും പൊരിച്ചും എടുക്കാവുന്ന ചില ബ്രഡ് രുചിക്കൂട്ടുകൾ ഇതാ.

ചീസ് ബ്രഡ് ഓംലറ്റ്

വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ചീസ് ബ്രഡ് ഓംലറ്റ്.

ചേരുവകൾ

  • മുട്ട – 4
  • ചീസ്-4 പീസ്
  • ബ്രഡ് – 4 കഷ്ണം
  • ടൊമാറ്റോ കെച്ചപ്പ് – ആവശ്യത്തിന്
  • സവാള – ഒരെണ്ണം പൊടിയായി അരിഞ്ഞത്
  • കാപ്സിക്കം – ഒരെണ്ണം പൊടിയായി അരിഞ്ഞത്
  • തക്കാളി – ഒരെണ്ണം പൊടിയായി അരിഞ്ഞത്
  • കുരുമുളകുപൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, തക്കാളി, കാപ്സിക്കം എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഓരോ ബ്രഡിന്റെയും നടുഭാഗം ചതുരത്തിൽ മുറിച്ച് മാറ്റി വെക്കുക. ഒരു ഫ്രയിങ് പാൻ ചൂടാക്കി ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടാകുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി പാനിൽ വച്ച് കൊടുക്കാം. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. എന്നിട്ട് അൽപനേരം അടച്ചു വച്ച് വേവിക്കുക. അതിനുശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. മറ്റൊരു ബ്രഡ് പീസെടുത്ത് ഒരു വശത്ത് ടൊമാറ്റോ കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് മൂടി വച്ച ശേഷം ഒന്ന് മറിച്ചിട്ട് കൊടുക്കണം. ചീസ് ബ്രഡ് ഓംലറ്റ് തയാർ.

ബ്രഡ് ചിക്കൻ റോൾസ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബ്രഡ് ചിക്കൻ റോൾസ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • ബ്രഡ് കഷ്ണങ്ങൾ – ആവശ്യത്തിന്
  • ഉപ്പിട്ട് വേവിച്ച ചിക്കൻ – 300 ഗ്രാം
  • സവാള അരിഞ്ഞത് – ഒരു ചെറുത്‌
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
  • കാപ്‌സിക്കം അരിഞ്ഞത് – 1/4 കപ്പ്
  • പാൽ – 1/2 കപ്പ്
  • കോൺഫ്ലോർ – 1 ടീസ്പൂൺ
  • ഉണക്കമുളക് ചതച്ചത് – ആവശ്യത്തിന്
  • ബട്ടർ /നെയ്യ് – 1 ടീസ്പൂൺ
  • എണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു ഫ്രയിങ് പാനിൽ കുറച്ച് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. എരിവിന് ആവശ്യത്തിന് ഉണക്ക മുളക് പൊടിച്ചതോ കുരുമുളക് പൊടിയോ ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന കാപ്സിക്കവും ചേർത്ത് വഴറ്റണം.
  • 1/2 കപ്പ് പാലിൽ ഒരു ടീസ്പൂൺ കോൺഫ്ലോർ കട്ടകെട്ടാതെ കലക്കി അത് വഴറ്റി വച്ചിരിക്കുന്ന മസാലയിലേക്ക് ചേർത്ത് കൊടുക്കണം, നന്നായി ഇളക്കി കൊടുക്കുക. ചെറുതായി കുറുകി വരുന്ന സമയത്ത് വേവിച്ച് പിച്ചികീറി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സ്റ്റൗ ഓഫ്‌ ചെയ്തു ചൂടാറാൻ വയ്ക്കുക.
  • ബ്രഡ് അതിന്റെ വശങ്ങൾ മുറിച്ച് മാറ്റിയ ശേഷം ഒന്ന് പരത്തി കനം കുറച്ചെടുക്കണം. അതിന് ശേഷം തയാറാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്ന് കുറച്ചെടുത്ത് വച്ച് ചുരുട്ടി റോളാക്കി എടുക്കണം.
  • ഒരു ഫ്രയിങ് പാനെടുത്ത് ബട്ടർ അല്ലെങ്കിൽ നെയ്യ് ഒഴിച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന റോൾസ് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കണം. എല്ലാ വശങ്ങളും ബ്രൗൺ നിറമാകുന്നത് വരെ ചുടുക.

ബോംബേ ടോസ്റ്റ്

പാലും മുട്ടയും വെണ്ണയുമെല്ലാം ചേർന്ന ഒരു കോമ്പിനേഷനാണ് ബോംബേ ടോസ്റ്റ്.

ചേരുവകൾ

  • ബ്രഡ് – 5 കഷ്ണം
  • പാൽ – 1/2 കപ്പ്
  • മുട്ട – 2 എണ്ണം
  • വാനില എസൻസ് – 1/2 ടീസ്പൂൺ
  • പഞ്ചസാര – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ബട്ടർ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ട് പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് പാൽ, പഞ്ചസാര, ഉപ്പ്, വാനില എസ്സൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി ബട്ടർ തേക്കുക. അതിലേക്ക് ബ്രഡ് എടുത്ത് തയാറാക്കി വച്ചിരിക്കുന്ന മിക്സിൽ മുക്കി പാനിൽ ഇട്ട് മൊരിച്ചെടുക്കുക. ഇരുവശവും നന്നായി മൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ബോംബേ ടോസ്റ്റ്‌ റെഡി. തേൻ ഒഴിച്ച് കഴിക്കാം.

വെജിറ്റബിൾ സാൻവിച്ച്

വെറും അഞ്ച് മിനിറ്റ് കൊണ്ട് തയാറാക്കാൻ കഴിയുന്ന രുചികരമായ ഒരു വിഭവമാണ് വെജിറ്റബിൾ സാൻവിച്ച്.

ചേരുവകൾ

  • ബ്രഡ് – 6 കഷ്ണം
  • കാരറ്റ് – 1/4 കപ്പ് അരിഞ്ഞത്
  • കാബേജ് – 1/2 കപ്പ് അരിഞ്ഞത്
  • പച്ച കാപ്സിക്കം – 3 ടേബിൾസ്പൂൺ
  • മഞ്ഞ കാപ്സിക്കം – 3 ടേബിൾസ്പൂൺ
  • സാലഡ് വെള്ളരിക്ക – 1/4 കപ്പ് അരിഞ്ഞത്
  • മയോണൈസ്‌ – 4 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക്‌ കാരറ്റ്, കാബേജ് , കാപ്സിക്കം , വെള്ളരിക്ക എന്നിവ അരിഞ്ഞതും കുരുമുളകു പൊടി, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്താൽ സാൻവിച്ച് ഫില്ലിംഗ് റെഡി. ശേഷം ബ്രഡ്ഡിന്റെ വശങ്ങൾ മുറിച്ച് മാറ്റി കുറച്ച് ബട്ടർ തേച്ച് തയാറാക്കിയ ഫില്ലിങ് ഒരു ബ്രഡിൽ നന്നായിതേച്ച് പിടിപ്പിക്കുക. ശേഷം വേറൊരു ബ്രഡ് കൊണ്ട് അടച്ച് എടുക്കുക. വെജിറ്റബിൾ സാൻവിച്ച് റെഡി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here