Advertisement

വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന് യുവതിയുടെ പിതാവും സഹോദരനും

June 22, 2021
3 minutes Read
vismaya suicide father brother
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും. ഗുഡ് മോണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിൽ 24നോടാണ് ഇരുവരുടെയും പ്രതികരണം. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയെന്നും അതിനു കൊടുത്ത കേസ് കിരണിൻ്റെ പിതാവും മറ്റും അപേക്ഷിച്ചതിനെ തുടർന്ന് പിൻവലിച്ചു എന്നും അവർ പറഞ്ഞു.

“11 കാൽ ലക്ഷം രൂപയുടെ വാഹനമാണ് നൽകിയത്. കുട്ടിക്ക് ഒന്നും വേണ്ടെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് വലിയച്ഛനും അച്ഛനും, സദാശിവൻ പിള്ളയും ശിവദാസൻ പിള്ളയും ചേർന്ന് എന്നെ വെളിയിലേക്ക് വിളിച്ചിട്ട് ‘എന്താണ് നിങ്ങളുടെ കുട്ടിക്ക് കൊടുക്കുക എന്ന് ഞങ്ങളോ പറഞ്ഞാൽ മതി’ എന്ന് പറഞ്ഞു. അത് സദസ്സിൽ പറയണ്ടെന്നും അവർ പറഞ്ഞു. അപ്പോൾ, 100 പവൻ സ്വർണവും ഒരേക്കർ 20 സെൻ്റ് വസ്തുവും 10 ലക്ഷം രൂപയ്ക്ക് താഴെ ഒരു വാഹനവും തരാം എന്ന് പറഞ്ഞു. അതെല്ലാം ഓക്കെയായി. അങ്ങനെ ഒരു ടൊയോട്ട യാരിസ് വാങ്ങി നൽകി. ജനുവരി മാസം, രാത്രി ഒന്നേകാൽ ആയപ്പോൾ അവൻ മദ്യപിച്ച് മകളെയുമായി വീട്ടിലെത്തി. വാഹനത്തിൽ നിന്നിറങ്ങിയിട്ട് മോളെ പിടിച്ചിറക്കി അടിച്ചു. അപ്പോൾ എൻ്റെ മകൻ തടയാൻ ശ്രമിച്ചു. മകനെ അടിച്ച് തള്ളി താഴെയിട്ടു. കൈയ്ക്ക് പൊട്ടലുണ്ടായി. എന്നിട്ട് പൊലീസിനെ വിളിച്ചു. എസ് ഐ വന്നു. അപ്പോൾ ഇവൻ ഓടി. പക്ഷേ, പൊലീസ് ഇവനെ പിടിച്ചു. പിടിച്ചപ്പോൾ എസ്ഐയുമായിട്ട് ഇവൻ അടികൂടി. എസ്ഐയുടെ യൂണിഫോം കീറി. കഴുത്ത് മുറിഞ്ഞു. പിന്നെ, ഇവനെ വിലങ്ങ് വച്ച് എൻ്റെ വീട്ടിനു മുന്നിൽ കൊണ്ടുവന്ന് ചോദിച്ചു, “ഇവനാണോ വീട് കേറി ആക്രമിച്ചത്?” ഞാൻ പറഞ്ഞു, അതെ. അങ്ങനെ മെഡിക്കൽ എടുത്തപ്പോൾ 85 ശതമാനം ആൽക്കഹോൾ ഉണ്ട്. ഞാനും മകനും കൂടി ആശുപത്രിയിൽ പോയി. പകൽ 11 മണി ആയപ്പോഴേക്കും അച്ഛനും അളിയനും ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായി വന്ന് കാലുപിടിച്ചു. ‘അവൻ മദ്യലഹരിയിൽ ചെയ്തതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല’ എന്നൊക്കെ പറഞ്ഞു. മകൾ പറഞ്ഞത്, ‘ചേട്ടൻ എന്ത് തീരുമാനം എടുത്താലും കുഴപ്പമില്ലെന്നാ’ണ്. പൊലീസ് സ്റ്റേഷനിൽ വച്ച് ചടയമംഗലം സിഐ മകനെ വിളിച്ച് കുറേ കാര്യം സംസാരിച്ചു. ‘പെങ്ങളെ താലികെട്ടിയ ആളാണ്. ഒരു ജീവിതമേയുള്ളൂ’ എന്നൊക്കെ സംസാരിച്ചു. അങ്ങനെ കേസ് പിൻവലിച്ച് 2 മണി ആയപ്പോൾ അവനെ റിലീസ് ആക്കി. പിന്നീട് രണ്ട് മാസം അവൾ എൻ്റെ വീട്ടിലായിരുന്നു. ഇടക്ക് കിരണിൻ്റെ വീട്ടിൽ നിൽക്കാനെന്ന് പറഞ്ഞ് അവൾ പോയി. പോകുന്ന കാര്യം അമ്മയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾ അവളുമായി പിണക്കത്തിലായിരുന്നു. ആ സമയത്ത് അവൻ അവളുടെ ഫോണിൽ നിന്ന് ഞങ്ങളുടെ നമ്പരെല്ലാം ഡിലീറ്റ് ചെയ്ത് കളഞ്ഞു. പക്ഷേ, അമ്മയുടെ നമ്പർ അവൾക്ക് കാണാപാഠം അറിയാമായിരുന്നു. അങ്ങനെ അവൻ ജോലിക്ക് പോകുമ്പോൾ അവൾ വിളിക്കും. ‘അത്ര ബുദ്ധിമുട്ടി അവിടെ നിൽക്കണ്ട എന്ന് ഞാൻ പറഞ്ഞു പക്ഷേ, കുറച്ച് കാലം കൂടി നോക്കാം’ എന്ന് അവൾ പറഞ്ഞു. കാരണം, അവൾ നല്ല ധൈര്യശാലിയാണ്. അതുകൊണ്ടാണ് അവൾ അത്മഹത്യ ചെയ്യില്ലെന്ന് പറയുന്നത്. പിന്നെ മറ്റൊരു കാര്യമുണ്ട്. ഒരാൾ തൂങ്ങിമരിക്കുമ്പോൾ മലവും മൂത്രവും പോയിരിക്കും. അവൾ ഇതൊന്നും ചെയ്തിട്ടില്ല. സ്ത്രീധനം എനിക്ക് പറ്റിയ അബദ്ധമാണ്. അന്വേഷണത്തിൽ പൂർണ വിശ്വാസമാണ്.”- പിതാവ് പറയുന്നു.

“ഇൻക്വസ്റ്റ് നടപടികളിൽ ഞാനാണ് അവിടെ പോയത്. അവിടെ ചെല്ലുമ്പോ ഡിവൈഎസ്പി തൂങ്ങിയതിൻ്റെ പാട് കാണിക്കുന്നുണ്ട്. താഴ്വശത്താണ് പാട്. ബോഡി ചെക്ക് ചെയ്യാൻ പറഞ്ഞു എന്നോട്. കൈത്തണ്ടയിൽ ഞരമ്പ് മുറിച്ച പോലെ ഒരു പാടുണ്ട്. രക്തം തുടച്ചിരിക്കുന്നത് ഡ്രസിലല്ല. ബോഡിയിലാണ്. ആത്മഹത്യ ചെയ്യുന്ന ഒരാൾ ഞരമ്പ് മുറിച്ചാൽ സ്വാഭാവികമായും ഡ്രസിലല്ലേ തുടയ്ക്കേണ്ടത്? കയ്യിൽ ഒടിവുണ്ടെന്ന് പറയുന്നു. അത് എങ്ങനെ ഉണ്ടായി? സാധാരണയായി ആത്മഹത്യ ചെയ്യുമ്പോൾ മരണ വെപ്രാളത്തിൽ അണിഞ്ഞിരിക്കുന്ന ഉടുപ്പും മറ്റും കീറാനുള്ള ത്വര കാണിക്കും. ഇവിടെ അത് ഉണ്ടായിട്ടില്ല. മലവും മൂത്രവും പോയിട്ടില്ല. ഇത് ഒരു ദിവസത്തെ ജസ്റ്റിസ് ഫോർ വിസ്മയ ഹാഷ്ടാഗിൽ ഒതുക്കരുത്. നിയമത്തിൻ്റെ എല്ലാ സാധ്യതയും വച്ച് സൂയിസൈഡാണോ ഹോമിസൈഡാണോ എന്ന് തെളിയിക്കണം. ഇത് സൂയിസൈഡല്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കാരണം അവൾ അത്ര സ്ട്രോങ്ങാണ്.”- സഹോദരൻ പ്രതികരിച്ചു.

Story Highlights: kollam vismaya suicide father and brother to 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement