Advertisement

ഗ്രാമങ്ങളിലൂടെ ഒരു യാത്ര; പൂവാർ മുതൽ അങ്ങ് സുലുക് വാലി വരെ!

June 22, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മനോഹരമായ പ്രദേശങ്ങളും, വർണ്ണാഭമായ സംസ്കാരങ്ങളും, ഓരോ ലക്ഷ്യ സ്ഥാനത്തിന്റെയും പ്രത്യേകത കൊണ്ടും സവിശേഷതകൾ കൊണ്ടും സമ്പന്നമാണ് ഇന്ത്യ. അതിനാൽ ഇന്ത്യയിൽ എത്തുന്ന ഒരു സഞ്ചാരിക്ക് ധാരാളം അനുഭവങ്ങൾ സമ്പാദിക്കാൻ കഴിയും, ഒരിക്കലും മറക്കാൻ കഴിയാത്തതും മടുക്കാത്തതുമായ അനുഭവം. എന്നിരുന്നാലും ഇന്ത്യയുടെ യഥാർത്ഥ സൗന്ദര്യം അതിന്റെ അകത്തളങ്ങളിലാണ്.

ആറു ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളില്‍ കുടികൊള്ളുന്ന നമ്മുടെ രാജ്യത്തിന്‍റെ ഭംഗി എത്ര ശ്രമിച്ചാലും കണ്ടുതീര്‍ക്കുക എന്നത് അസാധ്യമാണ്. മാത്രമല്ല, ഒരു നഗരത്തെ അറിയണമെങ്കിൽ അതിനോട് ചേർന്ന് കിടക്കുന്ന ഗ്രമങ്ങളെ തീർച്ചയായും പരിചയപ്പെട്ടിരിക്കണം. ഓരോ നഗരത്തിന്‍റെയും വേരുകള്‍ ചെന്നു നില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്നു സാരം. ഓരോ ഗ്രാമത്തിനും അതിന്റേതായ ഭംഗിയും സവിശേഷതകളും ഉണ്ട്. സഞ്ചാരികളെ ആകർഷിക്കുന്നതും ഇത്തരത്തിൽ വ്യത്യസ്തമായി നിൽക്കുന്ന ഗ്രാമങ്ങളും മറ്റുമാണ്. വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ചില ഗ്രമങ്ങളിലൂടെ നമുക്ക് ഒരു യാത്ര പോകാം.

പൂവാർ, കേരള

കടലും കായലും ഒന്ന് ചേർന്ന് കിടക്കുന്ന അത്ഭുത ഭൂമിയാണ് പൂവാർ. തിരുവനന്തപുരത്തിന്റെ കിഴക്കേ അറ്റത്ത് കാണപ്പെടുന്ന ഈ പ്രദേശം നെയ്യാർ നദി അറബി കടലിൽ ചേരുന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്റർ ദൂരമാണ് പൂവാറിലേക്ക് ഉള്ളത്.

സുലുക് വലി, സിക്കിം

ഈ ഗ്രാമത്തിലേക്കുള്ള വഴി തന്നെ അതിശയകരമാണ്. ചുറ്റി പിണഞ്ഞു കിടക്കുന്ന ഹെയർപിൻ റോഡുകൾ പോലെ മനോഹരമാണ് അവിടുത്തെ കാഴ്ചകളും. പുരാതനമായ ഇന്ത്യ-സിക്കിം സില്‍ക്ക് റൂട്ടിലെ പ്രധാന പോയിന്‍റുകളില്‍ ഒന്നായ ഇവിടം ഇപ്പോള്‍ 700 ഓളം ആളുകള്‍ മാത്രം വസിക്കുന്ന വളരെ ചെറിയ ഒരു ഗ്രാമമാണ്. താമസത്തിന്റെ കാര്യത്തിൽ ഗ്രാമത്തിന് വളരെയധികം ഓഫറുകൾ ഇല്ലെങ്കിലും, പക്ഷേ യഥാർത്ഥ ആകർഷണം നാട്ടുകാർക്കൊപ്പം താമസിക്കാനും പ്രാദേശിക സംസ്കാരം അനുഭവിക്കാനും കഴിയുമെന്നതാണ്. കാഞ്ചന്‍ജംഗ ഉള്‍പ്പെടയുള്ള പ‌ടിഞ്ഞാറന്‍ ഹിമാലയന്‍ പര്‍വ്വത നിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടുത്തെ ആകര്‍ഷണം. താംബി വ്യൂ പോയന്‍റ്, ലുങ്തുങ്, ടുക്ലാ, നതാങ് വാലി, പഴയ ബാബാ മന്ജിര്‍, കുപുപ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

കലപ്, ഉത്തരാഖണ്ഡ്

യാത്രയോടൊപ്പം സഹായിക്കാതെയും നൽകുന്ന ഗ്രാമമാണ് കലപ്. സമുദ്ര നിരപ്പിൽ നിന്നും 7800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ നിവാസികള്‍ മിക്ക കാര്യങ്ങളിലും സ്വയം പര്യാപ്തരാണ്. അവർ തങ്ങൾക്ക് വേണ്ടതെല്ലാം സ്വയും ഉണ്ടാക്കി ജീവിക്കുന്നു. ഓർഗാനിക് ഫാമിങ്‌ ആണ് മറ്റൊരു പ്രത്യേകത. ഇത്രയേറെ പുരോഗമനം രാജ്യത്ത് വന്നെങ്കിലും വികസനവും വളർച്ചയുമെല്ലാം വേണ്ടെന്ന് വച്ച ഒരു ജനതയാണിത്. നടന്ന് മാത്രമേ ഈ ഗ്രാമത്തിൽ എത്തി ചേരാൻ കഴിയുകയുള്ളു. സാങ്ക്രിയിൽ നിന്നും രണ്ട് വഴികളാണ് ഇവിടേക്കുള്ളത്. സമ്മർ റൂട്ടും വിന്‍റർ റൂട്ടും. കൃഷി മാത്രമാണ് ഇവരുടെ ഉപജീവന മാര്‍ഗ്ഗം

ലാമയാരു, ലഡാക്ക്

ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ഭൂപ്രകൃതിയാണ് ലഡാക്കിലെ ലാമയാരു എന്ന ഗ്രമത്തിനെ വ്യത്യസ്‍തമാക്കുന്നത്. അതിനാൽ ‘ചന്ദ്രന്റെ നാട്’ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന് സന്ന്യാസി മഠം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശ്രീനഗര്‍- ലേ ഹൈവേയില്‍ ചെയ്യുന്ന ലാമയാരു മിക്കപ്പോഴും കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ ബ്രേക്ക് എടുക്കുന്ന സ്ഥലമാണ്. ഫോട്ടു ലാ പാസിനു സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വശ്യ മനോഹാരിത മൂലം സഞ്ചാരികൾ ഈ പ്രദേശത്തെ ‘മൂൺലാൻഡ്’ എന്നും ‘മൂൺസ്‌കേപ്പ്’ എന്നുമെല്ലാം വിശേഷിപ്പിക്കുന്നു. മനോഹരമായ ലഡാക്ക് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ലാമയാരു മഠമാണ് ഗ്രാമത്തിന്റെ പ്രധാന ആകർഷണം, പ്രത്യേകിച്ചും വാർഷിക ഉത്സവം അല്ലെങ്കിൽ യുക്കു കബ്ഗ്യാത്ത്, അവിടെ ലാമകൾ മുഖംമൂടി നൃത്തം ചെയ്യുന്നു.

പനാമിക്, ലഡാക്ക്

പകരം വയ്ക്കാനില്ലാത്ത ഹിമാലയൻ കാഴ്ചകളാൽ സമ്പന്നമാണ് പനാമിക് എന്ന ഗ്രാമം. ഇന്ത്യയിൽ ചൂടു നീരുറവയുള്ള ഏക സ്ഥലമാണ് പനാമിക്. എന്നാൽ അതിൽ മാത്രം പരിമിതപ്പെടുന്നതല്ല ഈ ഗ്രമത്തിന്റെ ഭംഗി. മഞ്ഞുമൂടിയ കൊടുമുടികളും പച്ചപ്പണിഞ്ഞ മരങ്ങളും കൊണ്ട് മനോഹരമാണ് ഈ കൊച്ചു ഗ്രാമം. ഇവിടുത്തെ ഉറവയിലെ ചൂ‌ടുവെള്ളത്തിന് രോഗശമന ശേഷിയുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

പ്രാഗ്പൂര്‍, ഹിമാചല്‍ പ്രദേശ്

ഇന്ത്യയിലെ ആദ്യത്തെ പൈതൃക ഗ്രാമമായ പ്രാഗ്പൂർ പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സ്ഥാപിതമായത്. കോട്ട പോലുള്ള പടിക്കിണറുകളും കല്ലു നിരത്തിയ തെരുവുകളും പുരാതനമായ ഭവനങ്ങളും അതിന്റെ സമ്പന്നമായ ചരിത്രത്തെയും പൈതൃകത്തെയും അനുസ്മരിപ്പിക്കുന്നു. ഈ കാഴ്ച കാണുവാനായി മാത്രം നിരവധി സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച കാഴ്ചകളാണ് പ്രാഗ്പൂര്‍ ഒരുക്കിയിരിക്കുന്നത്.

കിബ്ബര്‍, ഹിമാചൽ പ്രദേശ്

ഹിമാലയത്തിലെ സ്പിതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കിബ്ബർ ലോകത്തിലെ ഏറ്റവും ഉയർന്ന ഗ്രാമമാണ്. ഗ്രാമത്തിൽ കേവലം 80 വീടുകളാണുള്ളത്, ഇഷ്ടികയില്‍ നിര്‍മ്മിക്കുന്നതിനു പകരം കല്ലുകളാല്‍ പണിതുയര്‍ത്തിയ പ്രത്യേക രീതിയിലുള്ള വീ‌ടുകളാണ് കിബ്ബറിന്‍റെ മറ്റൊരു പ്രത്യേകത. ഇന്നും ബാര്‍ട്ടര്‍ സിസ്റ്റം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് കിബ്ബര്‍.

മുട്ടം, തമിഴ്നാട്

തമിഴ്നാട്ടിലെ പ്രസിദ്ധമായ മത്സ്യബന്ധന ഗ്രാമമാണ് മുട്ടം. ഒരു വശത്ത് മണലും മറു വശത്ത് പാറക്കല്ലുകളും ചേര്‍ന്ന ഇവിടുത്തെ ബീച്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. തിരക്ക് കുറവുള്ള ബീച്ചായതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. വിളക്കുമാടത്തിൽ നിന്നുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ചയും മറ്റൊരു ആകർഷണമാണ്. കന്യാകുമാരിയുടെ സമീപത്തായാണ് മുറ്റം സ്ഥിതി ചെയ്യുന്നത്.

മലാന, ഹിമാചൽപ്രദേശ്

പാർവതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മലാനയെ ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഇടമായി കണക്കാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ ഗ്രാമങ്ങളിൽ ഒന്നാണ് മലാന. പുറമെയുള്ള ലോകത്ത് നിന്ന് തികച്ചും ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു ജനതയാണ് അവിടെയുള്ളത്. തങ്ങൾക്ക് മാത്രം മനസിലാകുന്ന ഭാഷയും, വ്യത്യസ്തമായ നീതിയും നിയമങ്ങളും ജീവിക്കുന്ന ആളുകളാണ് അവിടെയുള്ളത്. അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ പിന്മുറക്കാരാണ് അവിടം നിർമ്മിച്ചതെന്നാണ് വിശ്വാസം. വൈവിധ്യമാർന്ന ഈ ഗ്രാമം ഹിമാലയത്തിന്‍റെ ഏതന്‍സ് എന്നും അറിയപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement