ഇലക്ട്രിക് വാഹന നയവുമായി വിജയ് രൂപാണി; 1.5 ലക്ഷം വരെ സബ്‌സിഡി, രജിസ്‌ട്രേഷന്‍ സൗജന്യം

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ നിരത്തുകളിൽ പ്രോത്സാഹനം നൽകുന്ന പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹന നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ഉപഭാക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കാനായി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
പെട്രോൾ / ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശനാണ്യം ലാഭിക്കുക, ഗുജറാത്തിലെ മലിനീകരണം കുറയ്ക്കുക എന്നിങ്ങനെ ഒന്നിലധികം ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് രൂപാണി നയ പ്രഖ്യാപനം നടത്തിയത്.
അടുത്ത നാല് വർഷത്തിനുള്ളിൽ ഗുജറാത്ത് റോഡുകളിൽ കുറഞ്ഞത് രണ്ട് ലക്ഷം ഇ-വാഹനങ്ങൾ വേണമെന്ന് ലക്ഷ്യമിട്ടുള്ള പോളിസി ഇരുചക്രവാഹനങ്ങൾ, ത്രീ വീലറുകൾ, ഫോർ വീലറുകൾ എന്നിവ വാങ്ങുന്നതിന് സബ്‌സിഡി നൽകുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി 870 കോടി മാറ്റിവെച്ചുള്ള പദ്ധതികളാണ് ഗുജറാത്ത് ഒരുക്കുന്നത്. പോളിസി പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപയും ത്രീ വീലറുകൾക്ക് 50,000 രൂപയും നാലുചക്ര വാഹനങ്ങൾക്ക് 1.50 ലക്ഷം രൂപയും സബ്‌സിഡി നൽകും. 1.5 ലക്ഷം അല്ലെങ്കില്‍ കിലോവാട്ടിന് 10,000 രൂപ വീതമായിരിക്കും ഇലക്ട്രിക് കാറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെന്നാണ് ഇലക്ട്രിക് വാഹന നയത്തിൽ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വാങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ആനുകൂല്യമാണ് ഗുജറാത്ത് നല്‍കുന്നത്.
സംസ്ഥാനത്ത് പുതിയതായി 250 ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 278 ചാര്‍ജിങ്ങ് സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ ആകെ ചാര്‍ജിങ്ങ് സെന്ററുകള്‍ 578 ആയി ഉയര്‍ത്തും. പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കും. ഇലക്ട്രിക് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുതല്‍മുടക്കിന്റെ 25 ശതമാനം തുകയും സബ്‌സിഡി നല്‍കുമെന്നാണ് വിവരം.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ എമിഷന്‍ ആറ് ലക്ഷം ടണ്‍ ആയി കുറയ്ക്കുകയും അഞ്ച് കോടി രൂപയുടെ ഇന്ധനം ലാഭിക്കുകയും ചെയ്യണമെന്നും ഇലക്ട്രിക് നയത്തില്‍ പറയുന്നു. ഗുജറാത്തിലെ മറ്റ് വ്യവസായങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹന ഹബ്ബായി ഉയര്‍ത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് സര്‍ക്കാർ അറിയിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here