ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ഇന്നിംഗ്സിൽ നേടിയ രണ്ട് വിക്കറ്റാണ് ഓസീസ് പേസർ പാറ്റ് കമ്മിൻസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ അശ്വിനെ സഹായിച്ചത്. അശ്വിന് 71 വിക്കറ്റുകളാണ് ഉള്ളത്. കമ്മിൻസിന് 70 വിക്കറ്റുണ്ട്.
ഫൈനൽ മത്സരം ആരംഭിക്കുന്നതിനു മുൻപ് 14 മത്സരങ്ങളിൽ 70 വിക്കറ്റ് നേടിയ കമ്മിൻസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ നിന്ന് 67 വിക്കറ്റുള്ള അശ്വിൻ നാലാം സ്ഥാനത്തായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതമാണ് താരം വീഴ്ത്തിയത്. ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡ് ആണ് മൂന്നാം സ്ഥാനത്ത്. ബ്രോഡിന് 69 വിക്കറ്റുണ്ട്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 8 വിക്കറ്റിന് ന്യൂസീലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.
Story Highlights: Ashwin ends WTC as leading wicket-taker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here