25
Jul 2021
Sunday

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ സമനിലകൾ; പ്രമുഖർ പ്രീക്വാർട്ടറിൽ

germany france portugal draw

യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്നത് തകർപ്പൻ മത്സരങ്ങൾ. പോർച്ചുഗൽ-ഫ്രാൻസ് മത്സരവും ജർമ്മനി-ഹംഗറി മത്സരവും സമനിലയായി. രണ്ട് മത്സരങ്ങളുടെയും സ്കോർ നില 2-2 ആണ്. ഇതോടെ ഫ്രാൻസ്, ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടർ പ്രവേശനം നേടി.

ഇരു ടീമുകളും ബലാബലം ഏറ്റുമുട്ടിയ ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിൽ കരീം ബെൻസേമ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരാണ് യഥാക്രമം ഫ്രാൻസിനായും പോർച്ചുഗലിനായും വല ചലിപ്പിച്ചത്. ക്രിസ്ത്യാനോ 30, 60 മിനിട്ടുകളിൽ വല കുലുക്കിയപ്പോൾ ബെൻസേമ 45, 47 മിനിട്ടുകളിലാണ് ഗോൾ ഷീറ്റിൽ ഇടം നേടിയത്. ബെൻസേമയുടെ രണ്ടാം ഗോളൊഴികെ മറ്റെല്ലാം പെനാൽറ്റികളായിരുന്നു.

കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൻ്റെ ആവർത്തനമായിരുന്നു ഇന്നത്തെ ഫ്രാൻസ്-പോർച്ചുഗൽ മത്സരം. പ്രീക്വാർട്ടറിൽ എത്തണമെങ്കിൽ ഒരു സമനിലയെങ്കിലും ഉറപ്പിക്കേണ്ട ബാധ്യതയായിരുന്നു പോർച്ചുഗലിന് ഉണ്ടായിരുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ നിറം മങ്ങിയ ബ്രൂണോ ഫെർണാണ്ടസിനെ ബെഞ്ചിലിരുത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്.

കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ 30ആം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായ പെനാൽറ്റി. ഫ്രീ കിക്ക് ഹെഡ് ചെയ്യാനായി ഉയർന്ന് ചാടിയ പോർച്ചുഗീസ് താരം ഡാനിലോ പെരേരയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ക്രിസ്ത്യാനോ അനായാസം വലയിൽ നിക്ഷേപിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രാൻസ് സമനില ഗോൾ കണ്ടെത്തി. നെൽസൻ സമേഡോ എംബാപ്പെയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി കരീം ബെൻസേമയും ഗോളാക്കി. 2015നു ശേഷം ദേശീയ ജഴ്സിയിൽ ബെൻസേമയുടെ ആദ്യ ഗോൾ.

രണ്ടാം പകുതി ആരംഭിച്ച് 2 മിനിട്ടുകൾക്കുള്ളിൽ ഫ്രാൻസ് ആദ്യമായി കളിയിൽ ലീഡെടുത്തു. പോൾ പോഗ്ബയുടെ ത്രൂ ബോളിൽ നിന്ന് ബെൻസേമ കണ്ടെത്തിയ ഗോളോടെ ഫ്രാൻസ് കളിയിൽ ആഥിപത്യം സ്ഥാപിച്ചു. എന്നാൽ, 60ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ വീണ്ടും പോർച്ചുഗൽ ഗോളടിച്ചു. ജൂൾസ് കൗണ്ടേയുടെ ഹാൻഡ് ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ ക്രിസ്ത്യാനോ ഏറ്റവുമധികം രാജ്യാന്തര ഗോളുകളെന്ന ഇറാനിയൻ ഫുട്ബോളർ അലി ദേയിയുടെ റെക്കോർഡിനൊപ്പമെത്തി. ഇരുവർക്കും ഇപ്പോൾ 109 ഗോൾ വീതമുണ്ട്. ഈ ഗോളിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. തങ്ങൾക്ക് ലഭിച്ച ഒരു സുവർണാവസരം ഗോളാക്കി മാറ്റാൻ ഫ്രാൻസിനു കഴിഞ്ഞതുമില്ല.

രണ്ടാം മത്സരത്തിൽ കരുത്തരായ ജർമ്മനിക്കെതിരെ സമനില പിടിച്ച ഹംഗറി മരണ ഗ്രൂപ്പിൽ തൻ്റെ കാല്പാദം പതിപ്പിച്ചിട്ടാണ് മടങ്ങുന്നത്. മൂന്ന് വമ്പന്മാർക്കിടയിൽ നാലാം സ്ഥാനക്കാരാവേണ്ടി വന്നെങ്കിലും മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. ഇന്നലെ നടന്ന മത്സരത്തിൽ ഹംഗറിക്കായി ആദം സലായ്, ആന്ദ്രേ ഷഫർ എന്നിവർ ഗോൾ നേടിയപ്പോൾ കായ് ഹാവെർട്സ്, ലിയോൺ ഗൊരെട്സ്ക എന്നിവരാണ് ജർമ്മൻ ഗോൾ സ്കോറർമാർ.

ഒരു സമനില കൊണ്ട് പ്രീക്വാർറ്റർ ഉറപ്പിക്കാവുന്ന ജർമ്മനിയെ കളി തുടങ്ങി 11 ആം മിനിട്ടിൽ തന്നെ ഹംഗറി ഞെട്ടിച്ചു. റൊണാൾഡ് സല്ലയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിങ് ഹെഡറിലൂടെ ഹംഗേറിയൻ ക്യാപ്റ്റൻ ആദം സലയ് ആണ് ഗോൾ നേടിയത്. ഗോൾ നേടിയതിനു പിന്നാലെ പ്രതിരോധക്കോട്ട കെട്ടി ജർമ്മനിയെ തടുത്തുനിർത്തിയ ഹംഗറി ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായാണ് കളി അവസാനിപ്പിച്ചത്.

സമനില ഗോളടിക്കാനുള്ള നിരന്തരം ശ്രമങ്ങൾക്കിടെ 66 ആം മിനിട്ടിൽ ജർമ്മനി ഹംഗേറിയൻ പ്രതിരോധം ഭേദിച്ചു. ടോണി ക്രൂസ് എടുത്ത ഒരു ഫ്രീകിക്ക് തട്ടിയകറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട ഹംഗേറിയൻ ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ഹാവെർട്സ് നേടിയ ഗോളിലൂടെ ജർമ്മനി കളിയിലേക്ക് തിരികെ എത്തി. എന്നാൽ, ഇതിന് ശേഷമുള്ള കിക്കോഫിൽ നിന്ന് ഹംഗറി വീണ്ടും ലീഡെടുത്തു. ആദം സാലയുടെ ലോംഗ് നോൾ പിടിച്ചെടുത്ത് 21കാരൻ ആന്ദ്രേ ഷഫർ ആണ് ഹംഗറിയുടെ രണ്ടാം ഗോൾ നേടിയത്. ഈ ഗോളോടെ ജർമ്മനി പൂർണമായും ആക്രമണത്തിലേക്ക് തിരിഞ്ഞു. 84ആം മിനിട്ടിൽ ലിയോൺ ഗൊരെട്സ്കയിലൂടെ ജർമ്മനി സമനില വീണ്ടും സമനില പിടിച്ചു. ഗൊരെട്സ്കയിൽ നിന്ന് പാ സ്വീകരിച്ച വെർണറുടെ ഷോട്ട് ഡിഫൻഡറിടെ കാലിൽ തട്ടി തെറിച്ചു. തുടർന്ന് ഗൊരെട്സ്കയുടെ ഫോളോ അപ്പ് ഷോട്ട് വല കുലുക്കുകയായിരുന്നു.

Story Highlights: euro cup group f germany hungary france portugal draw

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top