ടെസ്റ്റ് ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന സൂചന നൽകി വിരാട് കോലി

ടെസ്റ്റ് ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ നായകൻ വിരാട് കോലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് കോലിയുടെ പ്രതികരണം. ഓരോ സ്ഥാനങ്ങളിലും ശരിയായ ചിന്താഗതിയുള്ള താരങ്ങളെ കളിപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിലയിരുത്തലുകളും ചർച്ചകളും നടത്തി ഇത്തരം കളിക്കാരെ കണ്ടെത്തുമെന്നും കോലി പറഞ്ഞു.
“ഞങ്ങൾ വിലയിരുത്തലുകളും ചർച്ചകളും തുടരും. അതിനനുസരിച്ച് ആളുകളെ കൊണ്ടുവരും. കുറേ വർഷങ്ങളായി ഒരു മികച്ച ടീമെന്ന നിലയിൽ മുന്നേറുമ്പോൾ പെട്ടെന്ന് നിലവാരം തകരുന്നത് അംഗീകരിക്കാനാവില്ല. ഏതൊക്കെ ഇടങ്ങളിലാണ് പുരോഗതി വേണ്ടതെന്ന് കണ്ടെത്തി ഒരു ടീം എന്ന നിലയിൽ അത് നടപ്പിലാക്കും. സമീപഭാവിയിൽ തന്നെ ഈ മാറ്റങ്ങൾ എടുക്കും. വൈറ്റ്ബോൾ ടീം നോക്കിയാൽ നമുക്ക് സ്ക്വാഡ് ഡെപ്തുണ്ട്. കളിക്കാർ മാനസികമായി തയ്യാറാണെന്ന് കാണാം. ആത്മവിശ്വാസത്തിലാണ് അവർ. ടെസ്റ്റ് ക്രിക്കറ്റിലും അങ്ങനെയാവണം.”- കോലി പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 8 വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.
Story Highlights: Virat Kohli hints at making changes to Test squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here