ബിഹാറിലെ അധ്യാപക പരീക്ഷ വിജയിച്ച് നടി അനുപമ പരമേശ്വരൻ; പരീക്ഷഫലം വൈറൽ; പ്രതിഷേധവുമായി തേജസ്വി യാദവ്

രണ്ട് ദിവസം മുമ്പാണ് 2019 ലെ സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (STET) ഫലങ്ങൾ ബീഹാർ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഒരു ഉദ്യോഗാർത്ഥിയുടെ റിസൾട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഋഷികേശ് എന്ന ഉദ്യോഗാർഥിയുടെ മാർക്ക് ഷീറ്റാണ്. ഉർദു, സംസ്കൃതം, സയൻസ് വിഷയങ്ങളിലെ മാർക്കുകൾ അടങ്ങിയ ഈ ഷീറ്റിൽ പക്ഷെ ചിത്രം തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന്‍റെതാണ്.
ഇതോടെ പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിരവധി ഉദ്യോഗാര്‍ത്ഥികളും പ്രതിഷേധവുമായി വന്നിട്ടുണ്ട്. ക്രമക്കേടില്ലാതെ ഒരു സര്‍ക്കാര്‍ ജോലിപോലും ബീഹാറില്‍ നല്‍കുന്നില്ല എന്നാണ് തേജസ്വിയുടെ ആരോപണം. നേരത്തെ ബീഹാർ പബ്ലിക് എഞ്ചിനിയറിംഗ് പരീക്ഷയിൽ നടി ‘സണ്ണി ലിയോണി’ ഒന്നാമതെത്തിയത് വലിയ വിവാദം ഉയർത്തിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു തേജസ്വി സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചത്.
2019 ൽ നടന്ന പരീക്ഷയുടെ ഫലം മാർച്ച് 2021 ലാണ് പ്രഖ്യാപിച്ചതെങ്കിലും, ചില സാങ്കേതിക പ്രശനങ്ങളെ തുടർന്ന് ചില വിഷയങ്ങളുടെ മാർക്കുകൾ ഇപ്പോഴാണ് അപ്‌ലോഡ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഋഷികേശ് കുമാർ പരീക്ഷ ഫലത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് രംഗത്ത് വരുകയായിരുന്നു.
എന്നാല്‍ ഒരുപാട് വിദ്യാർഥികളുടെ ഫലങ്ങൾ ഒരുമിച്ച് പ്രഖ്യാപിക്കുമ്പോൾ ‘ചെറിയ തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കും’ എന്നാണ് ഭരണകക്ഷിയായ ജനതാദൾ നേതാവ് ഗുലാം ഗൗസ് ആരോപണങ്ങളോട് പ്രതികരിച്ചത്. ‘ ഈ തെറ്റ് ഉടൻ തന്നെ തിരുത്തും. സംസ്ഥാനത്തെ വലിയൊരു പങ്ക് ജനങ്ങൾക്ക് ജോലി നൽകാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്’ എന്നായിരുന്നു വാക്കുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here