അസം: പക്ഷികൾ കൊവിഡ് പരത്തുമെന്ന് നഗരസഭ; മുളങ്കൂട്ടം മുറിച്ച് നീക്കി

പക്ഷികളിലൂടെ കൊവിഡ് വ്യാപിക്കുമെന്നാരോപിച്ച് മുളങ്കൂട്ടം മുറിച്ച് നീക്കി അസമിലെ നഗരസഭ. ഉദൽഗുരി ജില്ലയിലെ തങ്‌ല നഗരസഭയാണ് കൊവിഡ് വ്യാപിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി അഞ്ചുപേരുടെ ഉടമസ്ഥതയിലുള്ള മുളങ്കാടുകൾ വെട്ടി വീഴ്ത്തിയത്. മുളകൾ വെട്ടി നീക്കുന്നതിനിടെ ഇതിൽ കൂടുക്കൂട്ടിയിരുന്ന നിരവധി കൊറ്റി പക്ഷികൾ കൊല്ലപ്പെട്ടു.
കൊറ്റികളുടെ പ്രജനന കാലമായതിനാൽ ഏതാനും ദിവസം പ്രായമുള്ള നിരവധി കുഞ്ഞുങ്ങളും അടവെച്ച് വിരിയാറായ നിരവധി മുട്ടകളും കൂടുകളിലുണ്ടായിരുന്നു. ഇവയെല്ലാം നിർദയം നശിപ്പിക്കപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
തങ്‌ല മുനിസിപ്പൽ കമ്മിറ്റി ജൂൺ എട്ടിന് അയച്ച കത്തിൽ സമിതിക്ക് കീഴിലുള്ള വാർഡ് നമ്പർ 1, 2 പ്രദേശങ്ങളിലെ അഞ്ച് ഭൂവുടമകൾക്ക് അവരുടെ പരിസരത്തെ മുള ചെടികൾ മുറിക്കാൻ നിർദ്ദേശം നൽകി. നിങ്ങളുടെ സ്ഥലത്ത് വളരുന്ന മുളകളിൽ കൂടുണ്ടാക്കിയ പക്ഷികൾ കാഷ്ടിച്ച് വൃത്തിഹീനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് കൊവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കും. അതിനാൽ, നിങ്ങളുടെ പരിസരത്തെ മുളച്ചെടികൾ മുറിച്ച് പ്രദേശത്ത് ശുചിത്വമുള്ള ജീവിതസാഹചര്യം സൃഷ്ടിക്കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു” എന്നാണ് തങ്‌ല മുനിസിപ്പൽ കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ ഒപ്പിട്ട കത്തിൽ പരാമർശിച്ചിരുന്നത്. അയൽക്കാർ പരാതിപ്പെട്ടതായും കത്തിൽ പറയുന്നു.
എന്നാൽ മുള വെട്ടാൻ ഭൂവുടമകൾ വിസമ്മതിച്ചതോടെ നഗരസഭ തൊഴിലാളികളെ ഏർപ്പാടാക്കി വെട്ടിനിരത്തുകയായിരുന്നു.
നൽകിയ സമയ പരിധിക്കുള്ളിൽ മുളമുറിക്കാൻ ഭൂവുടമകൾ തയാറാകാത്തതിനാലാണ് അധികൃതർ മുറിച്ചുനീക്കിയതെന്ന് തങ്‌ല പൊലീസ് സ്റ്റേഷൻ ഓഫിസർ സോമേശ്വർ കോൺവാർ പറഞ്ഞു. പക്ഷികൾ കൊല്ലപ്പെട്ടതിനെ കുറിച്ച് തങ്ങൾക്ക് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് അധികൃതരും ഇക്കാര്യത്തിൽ കൈമലർത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here