Advertisement

ജോസഫൈന്‍ കൈപ്പറ്റിയ 53 ലക്ഷം രൂപ ഖജനാവിലേക്ക് സിപിഐഎം തിരിച്ചടക്കണം; ‘നിലപാടിനെ’ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

June 25, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ച എം സി ജോസഫൈന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലെ ശുഭകരമായ വിശേഷമാണ് ജോസഫൈന്റെ രാജി. അതേസമയം ജോസഫൈന്റെ എല്ലാ തെറ്റിനും ചൂട്ട് പിടിച്ചിട്ട് ഇപ്പോള്‍ പാര്‍ട്ടി നിലപാട് എന്ന് പറയുകയാണെന്നും ജോസഫൈന്‍ പാര്‍ട്ടി സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലാണ് ശുഭകരമായ വിശേഷങ്ങളും നാമറിയുന്നത്. വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന്‍ രാജിവെച്ചുവെന്ന് കേട്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കേരളം കേട്ടതിന് പിന്നില്‍ കഴിഞ്ഞ നാല് വര്‍ഷവും ആ സ്ഥാനത്തിരുന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനമായിരുന്നു. വനിതകളുടെ ക്ഷേമത്തിനേക്കാള്‍ അവരുടെ സങ്കടങ്ങള്‍ക്ക് ചെവിയോര്‍ക്കുവാനും നിയമപരമായ സഹായം നല്‍കുവാനുമായിരുന്നു വനിത കമ്മിഷന്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ എം സി ജോസഫൈന്‍ അധ്യക്ഷയായത് മുതല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 53 ലക്ഷം നഷ്ടമായതൊഴിച്ചാല്‍ കേരളത്തിലെ പീഢിതരായ മഹിളകളെ ഒരു വാക്ക് കൊണ്ട് പോലും ചേര്‍ത്ത് പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഡിവൈഎഫ്‌ഐ നേതാവായ പെണ്‍കുട്ടി പീഡിക്കപ്പെട്ടപ്പോള്‍ അത് പാര്‍ട്ടി കോടതിയില്‍ തീരുമാനിച്ചോളുമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത് ഇന്ത്യന്‍ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട കമ്മീഷന്റെ തലപ്പത്തിരുന്ന് കൊണ്ടായിരുന്നു. ജോസഫൈന്‍ കഴിഞ്ഞ നാല് വര്‍ഷം ഇടപെടുകയും പരിഹാരം കാണുകയും നീതി ലഭ്യമാക്കുകയും ചെയ്ത ഒരു സിംഗിള്‍ ഇന്‍സിഡന്റ് ഞാനേറെ ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവര്‍ സ്ഥാനം വിട്ടൊഴിയുമ്പോള്‍ യാത്രാമംഗളം നേരാന്‍ ഒരു ആചാരവാക്കിനെങ്കിലും ശ്രമിച്ചു നോക്കി, അത്രയ്ക്ക് പരാജയമാണ്. കേരളത്തിലെ മഹിളകളോടും ജനതയോടും ഒരല്‍പം കൂറുണ്ടെങ്കില്‍ സിപിഎം ചെയ്യേണ്ടത് ജോസഫൈന്‍ കൈപ്പറ്റിയ 53 ലക്ഷം രൂപ ഖജനാവിലേക്ക് തിരിച്ചടക്കുകയാണ്.

മനോരമ ന്യൂസിന്റെ ലൈവ് പ്രോഗ്രാമില്‍ ഗാര്‍ഹിക പീഡനത്തിരയായ നിസ്സഹായയായ പെണ്‍കുട്ടിയോട് കയര്‍ക്കുകയും പുച്ഛത്തോടെ ഭര്‍ത്സിക്കുകയും ചെയ്യുന്ന ജോസഫൈനെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ച് പ്രദേശ് കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.സുധാകരന്‍ രംഗത്ത് വരുന്നത് വരെ എങ്ങനെയെങ്കിലും ഈ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയായിരുന്നു സിപിഎം നേതൃത്വത്തിന്. പ്രതിപക്ഷ നേതാവടക്കം ശക്തമായ പ്രതിഷേധ സ്വരം മുഴക്കിയതോടെ ജോസഫൈനോട് നിവര്‍ത്തിയില്ലാതെ സിപിഎം രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മഹിളകളടങ്ങുന്ന ജനങ്ങള്‍ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ജോസഫൈനെ പുറത്താക്കും മുമ്പ് അത് സിപിഎമ്മിന് പറയേണ്ടി വന്നത് കേരളത്തില്‍ ഉയര്‍ന്ന് വന്ന ജന രോഷം കൊണ്ടാണ്.

പൊതു സമൂഹമാകെ തള്ളിപ്പറഞ്ഞ ഒരു പാര്‍ട്ടിക്കാരിയെ പിന്തുണച്ചു കൊണ്ട് എ എ റഹീം, ഡിവൈഎഫ്‌ഐ സെക്രട്ടറി സ്ഥാനത്തിന് താന്‍ തന്നെയാണ് യോഗ്യനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. തന്റെ സഹപ്രവര്‍ത്തകയുടെ നിലവിളി പോലും റഹീമിനെ ഒരു നിമിഷം അസ്വസ്ഥമാക്കിയിട്ടുണ്ടാവില്ല. പാര്‍ട്ടിക്കമ്മിറ്റിയില്‍ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാല്‍, സ്വന്തം മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന ഡിവൈഎഫ്‌ഐ പ്രതികരണ ശേഷിയുള്ള യുവാക്കള്‍ക്ക് അപമാനമാണ്.

കഴിഞ്ഞ നാല് വര്‍ഷം സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുള്ള വാളയാറടക്കമുള്ള എല്ലാ കേസിലും നിശബ്ദയായിരുന്ന കമ്മിഷന്‍ അദ്ധ്യക്ഷയായിരുന്ന ജോസഫൈനെ അവരുടെ എല്ലാ തെറ്റിനും ചൂട്ട് പിടിച്ചിട്ടിപ്പോള്‍ പറയുന്നു സിപിഎമ്മിന്റെ നിലപാടെന്ന്… ഹാ… ഹാ… കേള്‍ക്കാന്‍ എന്ത് സുഖം. സഖാക്കളെ ഒരു ചാനല്‍ പരിപാടി കൊണ്ട് മാത്രമല്ല, അവര്‍ സ്വീകരിച്ച മുന്‍ നിലപാട് കൊണ്ട് കൂടിയാണ് അവര്‍ എതിര്‍ക്കപ്പെടുന്നത്. അതിന് ഉത്തരവാദി സിപിഐഎം മാത്രമാണ്. ജോസഫൈന്‍ ഒരു വ്യക്തിയല്ല, ആ സ്ഥാനത്തോടുള്ള പാര്‍ട്ടിയുടെ നിലപാട്. അതിനാല്‍ അടുത്ത ജോസഫൈന്‍ വരും.. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുവാന്‍ യോഗ്യതയില്ലാതായ വ്യക്തിയെ പാര്‍ട്ടി സ്ഥാനത്തിരുത്തണോ വേണ്ടായോ എന്ന് പാര്‍ട്ടി തീരുമാനിക്കുക. ഇനി പാര്‍ട്ടി അനുഭവിക്കുക….! ജോസ’ഫൈന്‍’ താങ്ക്യു, ഗുഡ്‌ബൈ!

Story Highlights: rahul mankoottathil, youth congress, M C Josephine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement